ആലപ്പുഴ: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തെ ചൊല്ലി സിപിഎം, സിപിഐ വാക്പോര് താഴെത്തട്ടിലെ നേതാക്കളും ഏറ്റെടുക്കുന്നു. ജോസ് വിഭാഗത്തിന് മുന്നണി പ്രവേശനം അനുവദിക്കാനാവില്ലെന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പരിഹസിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷമുള്ള തെരഞ്ഞെടുപ്പിനെ ദയനീയ സ്ഥിതി ഓര്‍മിപ്പിച്ചായിരുന്നു. ഒറ്റയ്ക്ക് മത്സരിച്ചാല്‍ സിപിഐയുടെ അവസ്ഥ എന്തായിരിക്കുമെന്ന് സിപിഐയെ ഓര്‍മിപ്പിക്കുകയായിരുന്നു കോടിയേരി. എന്നാല്‍ സിപിഎം അന്നത്തെ തെരഞ്ഞെടുപ്പില്‍ ലീഗുമായി ചേര്‍ന്നാണ് മത്സരിച്ചതെന്ന് ഓര്‍മിപ്പിച്ചായിരുന്നു കാനത്തിന്റെ മറുപടി.
ഇരു നേതാക്കളും തമ്മിലുള്ള പോര് ആലപ്പുഴ ജില്ലയിലെ സിപിഎം, സിപിഐ നേതാക്കളും ഏറ്റെടുത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഏറ്റുമുട്ടല്‍. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ അഡ്വ.വി. മോഹന്‍ദാസും, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും, സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ പി. പി. ചിത്തരഞ്ജനുമാണ് ഏറ്റുമുട്ടിയത്.
സ്വന്തം പാര്‍ട്ടിയുടെ ചരിത്രം അറിയാന്‍ കോടിയേരി വായനാശീലം വളര്‍ത്തണമെന്നായിരുന്നു മോഹന്‍ദാസിന്റെ പരിഹാസം. ’64ലെ ഭിന്നിപ്പിനുശേഷം 1965ല്‍ മത്സരിച്ചത് സിപിഎം മുസ്ലിം ലീഗും കേ. കോണ്‍ഗ്രസുമായും ധാരണയിലായിരുന്നു. സ്വന്തം പാര്‍ട്ടിയുടെ ചരിത്രം അറിയാന്‍ കോടിയേരി കുറേക്കൂടി വായനാശീലം വളര്‍ത്തണം’. ഇതായിരുന്നു മോഹന്‍ദാസിന്റെ ഫേസ്ബുക് പോസ്റ്റ്. അണ്ണാന് ആനയോളം വായ്പൊളിക്കരുതെന്നായിരുന്നു ചിത്തരഞ്ജന്റെ മറുപടി. സിപിഎം വിരോധം കൂടപ്പിറപ്പാക്കിയിട്ടുള്ളവര് ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്, കേരളത്തില്‍ ഓരോ പാര്‍ട്ടിയുടെയും ശക്തിയെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധമുണ്ട്. അണ്ണാന് ആനയോളം വായ്പൊളിക്കരുത്. ഇതായിരുന്നു ചിത്തരഞ്ജന്റെ മറുപടി പോസ്റ്റ്.
ഇരുവരുടെയും സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് താഴെ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ കമന്റുകളിലൂടെ പോര് തുടരുകയാണ്. കെ.എം. മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന് ഉണ്ടെന്ന സിപിഎമ്മിന്റെ നേരത്തെയുള്ള ആരോപണങ്ങള്‍ ഉള്‍പ്പടെ ഉയര്‍ത്തിക്കാട്ടിയാണ് സിപിഐക്കാരുടെ പ്രതികരണം. യുഡിഎഫിലെ ഭിന്നതയെ തുടര്‍ന്ന പടിയിറക്കിയ ജോസ് പക്ഷത്തിന്റെ പേരില്‍ ഇപ്പോള്‍ ഇടതുപക്ഷത്താണ് പോര് കനക്കുന്നതെന്നതാണ് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: