കണ്ണൂര്‍: കണ്ണവത്തിനടുത്ത തൊടീക്കളത്ത് സിപിഎം പ്രവര്ത്തകന് രേഷ്മ നിവാസില്‍ രാഗേഷ് പുതുശ്ശേരി (36) വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന. തൊടീക്കളം യുടിസി കോളനിയില്‍ നിന്ന് തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വരുന്ന റോഡരികിലെ റബ്ബര്‍ തോട്ടത്തിലാണ് ഞായറാഴ്ച പുലര്‍ച്ചെ കൈക്കും കാലിനും വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ രാഗേഷിനെ നാട്ടുകാര്‍ കണ്ടത്. കണ്ണവം പോലീസ് സ്ഥലത്തെത്തി ആസ്പത്രിയിലേക്ക് കൊണ്ട് പോകുംവഴി കൂത്തുപറമ്പില്‍ വെച്ചാണ് രാഗേഷ് മരിച്ചത്.
കൊലപാതകത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാത്രി യുടിസി കോളനിയില്‍ എത്തിയ രാഗേഷ് കോളനിയിലെ യുവാക്കളുമായി വാക്ക് തര്‍ക്കമുണ്ടായി. കോളനിയിലെ ഒരു ആടിനെ രാഗേഷ് കടത്തികൊണ്ടുപോയി എന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് കോളനിയിലെ ചിലര്‍ തൊടീക്കളത്തെ ഒരു വീട്ടില്‍ നിന്ന് രാഗേഷ് ആടിനെ കടത്തിക്കൊണ്ടുപോയതായി കണ്ണവം പോലീസ് സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. തൊടീക്കളത്ത് എത്തിയ കണ്ണവം പോലീസ് രാഗേഷുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞ് മാറുകയായിരുന്നു.
സംഭവവത്തില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം തൊടീക്കളത്തെ തറവാട് വീട്ടുവളപ്പില്‍ സംസ്കരിച്ചു. പരേതനായ രാഘവന്-പത്മിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷിജി. മക്കള്‍: അഞ്ജന, ചന്ദന. സഹോദരങ്ങള്‍: രേഷ്മ, രജീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: