ചടയമംഗലം: ചടയമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മൃതശരീരം മറവ് ചെയ്യാനാകാതെ വിഷമിക്കുകയാണ് പട്ടികജാതി വിഭാഗത്തിലുള്‍പ്പെടെയുള്ള പാവങ്ങള്‍. മരിച്ചടക്കാന്‍ പൊതുശമ്ശാനമോ സൗകര്യങ്ങളോ ഇല്ലാതെ കഷ്ടപ്പെടുകയാണിവര്‍. വീട്ടിലൊരാള് മരിച്ചാല്‍ അടുക്കള പൊളിച്ചടക്കുകയേ നിവൃത്തിയുള്ളൂ.
മുന്‍പ് കുരിയോട് നെട്ടേത്തറ ഇലിപ്പാംപണ കോളനിയില്‍ മരിച്ച സരസമ്മയെ അടക്കാന്‍ നിവര്‍ത്തിയില്ലാതെ ബന്ധുക്കള്‍ നിസഹായരായപ്പോള്‍ ബിജെപി നിയോജക മണ്ഡലം സെക്രട്ടറി കുരിയോട് മഞ്ചേഷ് സ്വന്തം പുരയിടത്തില്‍ സ്ഥലം നല്‍കിയിരുന്നു. രക്താര്‍ബുദം വന്ന് മരിച്ച സേതുനാഥ് എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീടിന്റെ ചുമരിനോട് ചേര്‍ന്ന് കുഴിയെടുത്താണ് സംസ്കരിക്കേണ്ടി വന്നത്. ഇലിപ്പംപണയില് ശോഭനയുടെ മാതാപിതാക്കളെ അടക്കിയതും ഇപ്രകാരമായിരുന്നു. ഇപ്പോള്‍ പുതിയ വീടിന് അടിസ്ഥാനം കെട്ടിയിരിക്കുന്നത് ആ മൃതദേഹങ്ങളടക്കിയ കുഴിമാടങ്ങള്‍ക്ക് മുകളിലാണ്.
കോളനി നിവാസി ശാന്തമ്മയുടെ മൃതശരീരം സംസ്കരിച്ചത് കിണറിനും വീടിനും ഇടയിലുള്ള ഇടുങ്ങിയ സ്ഥലത്തായിരുന്നു. രണ്ട് സെന്റിലും മൂന്ന് സെന്റിലുമായി വീട് വച്ച് താമസിക്കുന്ന നിരവധി പേര് ശവമടക്കിന് നിവര്‍ത്തിയില്ലാതെ വിഷമിക്കുകയാണ്. പൊതു ശ്മശാനത്തിനായുള്ള മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കുരിയോട് കുന്നുംപുറം വെട്ടിനിരത്തല്‍ കോളനിയിലും ഇത് തന്നെയാണ് അവസ്ഥ. കുന്നുംപുറം ഭുവനേശ്വരി ക്ഷേത്രത്തിന് മുകള്‍ വശത്തുള്ള കോളനിയിലും ഇതേ അവസ്ഥയാണ്. പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ച അനില്‍കുമാറിനെ അടക്കിയത് വീടിന്റെ ചുവരിനോട് ചേര്‍ന്നായിരുന്നു. കുരിയോട് വാര്‍ഡില്‍ മാത്രം ആറ് കോളനിയുണ്ട്.
പ്രശ്നത്തില്‍ പഞ്ചായത്ത് അധികാരികള്‍ക്കെതിരെ ബിജെപി. സമരരംഗത്താണ്. എന്നാല്‍ പൊതുശ്മശാനം അനുവദിക്കാനുള്ള ഒരു നടപടിയും പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് കൈക്കൊണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: