തിരുവനന്തപുരം: കൊറോണ വൈറസ് സംസ്ഥാനത്ത് വ്യാപകമായതോടെ സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. സംസ്ഥാനത്ത് ഉറവിടം അറിയാതെയുള്ള കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് അതിനുള്ള സൂചനയാണെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് അറിയിച്ചു.
ഈമാസം ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്ന് കഴിഞ്ഞു. ഇപ്പോള്‍ രോഗബാധ സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചിരുന്നില്ല. സാധരണ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ കണ്ടെത്തിയിരിക്കുന്നത് ഏറെ ആശങ്കയുണര്‍ത്തുന്നതാണെന്നും വര്‍ഗീസ് പറഞ്ഞു.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഇത് പെടുത്തിയിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ചിട്ടുള്ള സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നവരോ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലിയെടുക്കുന്നവരോ അല്ല. സാധാരണ രോഗികളെ ചികിത്സിക്കുന്നവരാണ് രോഗബാധിതരായത്. ഇനിയും ബോധവത്കരണംകൊണ്ട് കാര്യമില്ല. തനിക്ക് രോഗം വരില്ലെന്നാണ് ഓരോരുത്തരുടെയും ധാരണ. ആളുകള്‍ എവിടെയും അകലവും മാനദണ്ഡങ്ങളും പാലിക്കുന്നില്ല.ഇളവുകള്‍ ഗുണത്തേക്കാളേറെ ദോഷകരമായെന്നാണ് സംസ്ഥാനത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും വര്‍ഗ്ഗീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 5,000 കടന്നു. വെറും ഏഴ് ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം നാലായിരത്തില്‍ നിന്നും അയ്യായിരം കടന്നത്. ശനിയാഴ്ച 240 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 5,204 ആയി. നിലവില്‍ 2,129 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുളളത്. 3,048 പേര് രോഗമുക്തരായി. കഴിഞ്ഞ രണ്ട് ദിവസമായി ഇരുനൂറിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ രോഗബാധിതരായ 5,204 പേരില്‍ 619 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കഴിഞ്ഞ രണ്ട് ദിവസം മാത്രം സമ്പര്‍ക്കത്തിലൂടെ 44 പേര്‍ക്കാണ് രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: