മക്കളേ,
ഗുരുശിഷ്യബന്ധത്തിന് ഏറ്റവും ഉയര്‍ന്ന സ്ഥാനമാണുള്ളത്. എങ്കിലും, ‘ഗുരുവിന്റെ മുന്നിലുള്ള അനുസരണയും വിധേയത്വവും ഒരു തരത്തിലുള്ള അടിമത്തമല്ലേ’ എന്നു ചിലര്‍ ചോദിക്കാറുണ്ട്. സത്യത്തെ അറിയണമെങ്കില്‍ ‘ഞാനെ’ന്ന ഭാവം പോയിക്കിട്ടണം. ശിഷ്യന് സ്വയം ചെയ്യുന്ന സാധനകൊണ്ടുമാത്രം ‘ഞാന്‍’ എന്ന ഭാവം നഷ്ടപ്പെടുവാന്‍ പ്രയാസമാണ്. ‘അഹംഭാവം’ നീങ്ങണമെങ്കില്‍ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം. ഗുരുവിന്റെ മുന്നില്‍ തല കുനിക്കുമ്പോള്‍ ശിഷ്യന് ആ വ്യക്തിയെയല്ല, ഗുരു പ്രതിനിധാനംചെയ്യുന്ന തത്ത്വത്തെയാണ് വണങ്ങുന്നത്.
മാതാപിതാക്കളെയും അദ്ധ്യാപകരെയും മുതിര്‍ന്നവരെയും അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ നമ്മള് വളരുകയായിരുന്നു. അറിവു നേടുകയായിരുന്നു. നല്ല ഗുണങ്ങളും സ്വഭാവങ്ങളും വളര്‍ത്തുകയായിരുന്നു. അതുപോലെ ഗുരുവിന്റെ മുന്നിലെ അനുസരണയിലൂടെ ശിഷ്യന് വിശാലതയിലേയ്ക്ക് ഉയരുകയാണ് ചെയ്യുന്നത്. മാവിനു വേലികെട്ടുന്നത് അതിനെ അപകടങ്ങളില്‍നിന്നും സംരക്ഷിച്ച് ഒടുവില്‍ മാങ്ങ ലഭിക്കുന്നതിനുവേണ്ടിയാണ്. അതുപോലെ ശിഷ്യന് സ്വയം സ്വീകരിക്കുന്ന നിയന്ത്രണങ്ങളും ഗുരുവിനോടുള്ള അനുസരണയും അവനിലെ പൂര്‍ണ്ണതയെ ഉണര്‍ത്തുന്നതിനുവേണ്ടിയാണ്.
ശിഷ്യരുടെ നന്മയ്ക്കുവേണ്ടി ഗുരുക്കന്മാര് അവരോട് ചിലപ്പോള്‍ ഗൗരവത്തില്‍ പെരുമാറിയെന്നിരിക്കും. ഒരു കുഞ്ഞ് തീയില്‍ കൈവെയ്ക്കാന്‍ തുടങ്ങുമ്പോള്‍ അമ്മ ചിലപ്പോള്‍ കുട്ടിയെ അടിച്ചുവെന്നിരിക്കും. വിദ്വേഷംകൊണ്ടാണോ അമ്മ കുട്ടിയെ അടിക്കുന്നത്? ഒരിക്കലുമല്ല. കുട്ടിയെ ആപത്തില്‍നിന്നും രക്ഷിക്കുവാന്‍വേണ്ടി മാത്രമാണ്. യഥാര്‍ത്ഥ ഗുരു ശിഷ്യനെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ അതു ശിഷ്യന്റെ നന്മ ലക്ഷ്യമാക്കി മാത്രമായിരിക്കും.
വിമാനത്തില്‍ കയറുമ്പോള്‍ ബെല്‍റ്റിടാന്‍ പറയും. അതു നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ വേണ്ടിയല്ല, നമ്മുടെ സുരക്ഷിതത്ത്വത്തിനു വേണ്ടിയാണ്. അതുപോലെ യമനിയമങ്ങളും മറ്റു നിയന്ത്രണങ്ങളും പാലിക്കുവാന്‍ ഗുരു ശിഷ്യനെ ഉപദേശിക്കുന്നത്, ശിഷ്യന്റെ ഉയര്‍ച്ചയ്ക്കുവേണ്ടിയാണ്. ശിഷ്യനു സംഭവിക്കാവുന്ന അപകടങ്ങളില്‍നിന്നും അവനെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. ‘ഞാന്‍’ എന്ന ഭാവത്തിലൂടെയുള്ള ശിഷ്യന്റെ കുതിപ്പ് അവനെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്ന് ഗുരുവിനറിയാം.
ചില രോഗികളുണ്ട്. നോവുമെന്നുള്ള പേടി കാരണം ഇന്ജക്ഷന് എടുക്കുവാന്‍ സമ്മതിക്കില്ല. എന്നാല്‍ കുത്തിവയ്ക്കാതെ രോഗം മാറില്ല എന്നു ഡോക്ടര്‍ക്കറിയാം. അതിനാല്‍ ഡോക്ടര്‍ ബലം പ്രയോഗിച്ചാണെങ്കിലും കുത്തിവയ്ക്കും. കുത്തിവയ്ക്കാതിരുന്നാല്‍ ചിലപ്പോള്‍ രോഗി മരിച്ചെന്നുവരാം. രോഗം ഭേദമാകണമെങ്കില്‍ അതേ മാര്‍ഗ്ഗമുള്ളൂ. അതുപോലെ പറയുന്നതു കേട്ടില്ലെങ്കില്‍ നിര്‍ബ്ബന്ധിച്ചും ശിഷ്യനെ അനുസരിപ്പിക്കുന്നവനാണു യഥാര്‍ത്ഥ ഗുരു. വേണ്ടതു വേണ്ട സമയത്തുതന്നെ ചെയ്യണം. എങ്കിലേ ശിഷ്യന് ലക്ഷ്യത്തിലെത്തുകയുള്ളൂ. ശിഷ്യനെക്കൊണ്ട് അതു ചെയ്യിക്കുക എന്നതാണു ഗുരുവിന്റെ കര്‍ത്തവ്യം.
കടലാസു പൂക്കളുണ്ടാക്കുന്ന ഒരു കലാകാരന് കത്രികകൊണ്ടു കടലാസ്സു മുറിച്ചു തുണ്ടുകളാക്കുന്നതു കാണുമ്പോള്‍ കാര്യമറിയാത്ത ഒരാള്‍ ചോദിക്കും, എന്തിനാണ് ഈ വര്‍ണ്ണക്കടലാസ് മുറിച്ചു പാഴാക്കിക്കളയുന്നതെന്ന്. മറ്റുള്ളവര്‍ കാണാത്ത ഒന്നിനെ കലാകാരന് ആ കടലാസു കഷ്ണങ്ങളില്‍ കാണുന്നുണ്ട്. അതുപോലെ ശിഷ്യന് തന്നില്‍ കാണാത്ത ഒന്നിനെ ഗുരു അവനില്‍ കാണുന്നുണ്ട്. ഗുരുവിന്റെ ശാസനയും ശകാരവുമെല്ലാം ശിഷ്യന്റെയുള്ളിലെ ആത്മസ്വരൂപത്തെ പ്രകാശിപ്പിക്കുവാന്‍വേണ്ടി മാത്രമാണ്.
ഏത് അനുഭവത്തെയും വേദനയാക്കുന്നതും സന്തോഷമാക്കുന്നതും അതനുഭവിക്കുന്നയാളുടെ മനോഭാവമാണ്. താന്‍ പ്രസവിക്കാന്‍ പോകുന്ന കുഞ്ഞിനെ ഓര്‍ക്കുമ്പോള്‍ ഒരു ഗര്‍ഭിണിക്ക് ആ പത്ത് മാസവും ആഹഌദകരമായി മാറുകയാണ്. ഒരു കുഞ്ഞിനെ നോക്കുന്നത് ആയയ്ക്ക് ആയാസകരമായ ജോലിയാകാം. എന്നാല്‍ പെറ്റമ്മയ്ക്ക് അത് ആയാസകരമായിട്ടുള്ള ജോലിയല്ല. അതുപോലെ തന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധമുള്ള ഒരു ശിഷ്യന് ഗുരുവിന്റെ ശാസനയും ശിക്ഷയും പീഡനവു മായി തോന്നുകയില്ല, അനുഗ്രഹമായേ തോന്നൂ.
ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ല. അതു യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള പാതയാണ്. യഥാര്‍ത്ഥ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായിക്കാണില്ല. ശിഷ്യനോടു നിറഞ്ഞ സ്േനഹം മാത്രമാണു ഗുരുവിനുള്ളത്. സ്വയം പരാജയപ്പെട്ടാലും ശിഷ്യന് വിജയിക്കുന്നതു കാണുവാനാണ് ഗുരു ആഗ്രഹിക്കുന്നത്. യഥാര്‍ത്ഥ ഗുരു ഒരു ഉത്തമമാതാവിലും മീതെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: