കൊച്ചി: ഇന്ധന വില കൂടിയാല്‍ ലോട്ടറി അടിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക്. ചുളുവില്‍, കോടികള്‍ ഖജനാവില്‍ വന്ന് നിറയും. കുറ്റം മുഴുവന്‍ കേന്ദ്രത്തിനു മേല്‍ ചുമത്തുകയും ചെയ്യാം. കേന്ദ്രത്തിന് സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞ തുകയാണ് ലഭിക്കുന്നത്.
ഇന്ധന വില്‍പ്പനയില്‍ കേരളം ചുമത്തുന്നത് 34 ശതമാനം നികുതി. ഇത് മുഴുവന്‍ ഉപേക്ഷിച്ചാല്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 60 രൂപയ്ക്ക് വില്‍ക്കാം. സംസ്ഥാനം ചുമത്തുന്ന ഒരു രൂപ സര്‍ചാര്‍ജ് ഉപേക്ഷിച്ചാല്‍ പിന്നെയും കുറയും. പെട്രോളിനെ ജിഎസ്ടി ചുമത്തുന്ന ഉത്പന്നങ്ങളില്‍പെടുത്താന്‍ കേരളം നിര്‍ബന്ധം പിടിച്ചാല്‍ 50 രൂപയിലെത്തിക്കാം. ക്രൂഡ് ഓയിലിന്റെ വിലക്കുറവ്, ഡോളര്‍ നിരക്കിലുള്ള വില, ക്രൂഡ് ഓയില്‍ സംസ്ക്കരിച്ച് വാഹന ഇന്ധനമാക്കുന്ന കമ്പനികളുടെ പങ്ക്, നികുതി ഘടന, നികുതിപ്പണ ഉപയോഗം തുടങ്ങിയവയാണ് വില വര്‍ധനയ്ക്ക് കാരണം.
ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് ഒപെക് രാജ്യങ്ങളില്‍ നിന്നാണ്. 19 ലിറ്ററുള്ള ബാരലാണ് അളവുതോത്. ഇത് ശുദ്ധീകരിച്ച് പെട്രോളും ഡീസലുമാക്കാന്‍ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് ലിറ്ററിന് 10 രൂപ വരെ ചെലവാകും. ഡീലര്‍മാര്‍ക്ക് കമ്മീഷന് നാലു രൂപ വരെ. പുറമേ കേന്ദ്ര സര്‍ക്കാരിന്റെ എക്സൈസ് നികുതി, സംസ്ഥാന സര്‍ക്കാരുകളുടെ വാറ്റ്. കേരളത്തില്‍ വാറ്റ് (മൂല്യവര്‍ധിത നികുതി) 34 ശതമാനമാണ്. കേന്ദ്രം ഒരു രൂപ ഇന്ധനത്തിന് വര്‍ധിപ്പിച്ചാല്‍ കേരളത്തിന് 33 പൈസ ലഭിക്കും. കേന്ദ്രത്തിന് ലഭിക്കുന്ന തുകയില്‍ ഒരു നിശ്ചിത ശതമാനം സംസ്ഥാനങ്ങള്‍ക്ക് മടക്കി നല്‍കണം.
2014-15 കാലത്ത് ഈ നികുതിവഴി സര്‍ക്കാരിന് കിട്ടിയത് 99,000 കോടിയാണ്. 2015-ല്‍ കേന്ദ്രം എക്സൈസ് നികുതി കൂട്ടിയപ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷം വരുമാനം 2.5 ലക്ഷം കോടിയായി. ഈ വര്‍ധനക്കാലത്താണ് കേരളം 25 ശതമാനത്തില്‍നിന്ന് വാറ്റ് 34 ശതമാനമാക്കിയത്.
കേന്ദ്രം വികസനത്തിന്; സംസ്ഥാനം കമ്മി കുറയ്ക്കാന്‍
കേന്ദ്രം സമാഹരിക്കുന്ന നികുതിപ്പണത്തില്‍ ഒരു വിഹിതം സംസ്ഥാനങ്ങള്‍ക്ക് തിരികെ കൊടുക്കും. മറ്റൊരു വിഹിതം കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്കുന്ന സഹായങ്ങളാണ്. ഇനിയൊരു വിഹിതം സ്വച്ഛ് ഭാരത്, റോഡ് നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ കേന്ദ്ര പദ്ധതികളിലൂടെയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. അതായത്, ഇന്ധനത്തിന്റേതുള്‍പ്പെടെ വിവിധ നികുതി വരുമാനങ്ങളിലൂടെ കിട്ടുന്ന പണം കേന്ദ്രം രാജ്യ വികസനത്തിന് ചെലവിടുന്നു. പക്ഷേ, വാറ്റ് വരുമാനം സംസ്ഥാനങ്ങള്‍ ധനക്കമ്മി കുറയ്ക്കാനാണ് കൂടുതലും വിനിയോഗിക്കുന്നത്.
പരസ്യമായി ഇന്ധന വിലവര്‍ധനയെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ രഹസ്യമായി പിന്തുണയ്ക്കുകയാണ്. കാരണം കേരളത്തിലെ കാര്യം നോക്കിയാല്‍ ഒരു രൂപ കൂടുമ്പോള്‍ അധ്വാനമൊന്നുമില്ലാതെ 33 പൈസ കിട്ടുന്നു. ശരാശരി 12,000 കോടി രൂപയാണ് വര്‍ഷം കേരളത്തിന് ഇങ്ങനെ കിട്ടുന്നത്. സംസ്ഥാന നികുതി ഒഴിവാക്കിയാല്‍ ലിറ്ററിന് 81 രൂപ എന്ന ഇന്നത്തെ വില 60 രൂപയാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: