കൊട്ടാരക്കര: മുട്ടറ സ്കൂളില്‍ പരീക്ഷയെഴുതിയ പ്ലസ് ടു വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം ഒഴിവാക്കാമായിരുന്നത്. ഇതിന് തൊട്ടുമുമ്പാണ് സമാനരീതിയിലുള്ള സംഭവം പാലക്കാട് ഉണ്ടായത്. പാലക്കാടുനിന്നും തിരുവനന്തപുരത്തെ കിളിമാനൂരിലേക്ക് അയച്ച ഉത്തരക്കടലാസുകള്‍ തപാല്‍വകുപ്പിന്റെ സോര്‍ട്ടിംഗിലെ പാകപ്പിഴയില്‍ ലക്ഷ്യം തെറ്റി കോട്ടയത്തേക്കുപോയി. എന്നാല്‍ കൃത്യമായും സമയോചിതമായും ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇടപെട്ടതിനാല്‍ ഉത്തരക്കടലാസുകള്‍ വീണ്ടെടുക്കുകയും തിരുവനന്തപുരത്ത് തന്നെ എത്തിച്ച് മൂല്യനിര്‍ണയം നടത്തുകയും ചെയ്തു.
കൊട്ടാരക്കര മുട്ടറ ഹയര്‍സെക്കന്‍ഡറിയില്‍ നിന്നുള്ള ഉത്തരക്കടലാസുകള്‍ എത്തേണ്ടിയിരുന്നത് പാലക്കാട് മോയന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ്. എന്നാല്‍ അങ്ങോട്ടേക്കുള്ള സഞ്ചാരത്തിനിടയില്‍ വിലാസം തെറ്റി എറണാകുളത്തേക്ക് എത്തപ്പെടുകയും അവിടെ നിന്നും വീണ്ടും പാലക്കാട്ടേക്ക് അയക്കുകയുമായിരുന്നു.
ജൂലൈ 11ന് ഫലപ്രഖ്യാപനം നടക്കാനിരിക്കെയാണ് അനിശ്ചിതത്വത്തില്‍ മുട്ടറയിലെ വിദ്യാര്‍ഥികള്‍ ഉഴലുന്നത്. കേരളത്തില്‍ എല്ലാ തപാല്‍ ഓഫീസുകളിലും ആര്എംഎസുകളിലും പരിശോധന നടത്തിയതായാണ് വകുപ്പ് അധികൃതര്‍ പറയുന്നത്. തമിഴ്നാട്ടിലെ ഏതെങ്കിലും ഓഫീസില്‍ ഉത്തരക്കടലാസ് ഉണ്ടായിരിക്കാനുള്ള സാധ്യതയാണ് ഏറ്റവും ഒടുവില്‍ തപാല്‍വകുപ്പ് ഉന്നയിക്കുന്നത്. ഉത്തരക്കടലാസ് കണ്ടെത്താനുള്ള തെരച്ചിലില്‍ ഇനി കാര്യമില്ലെന്ന് തപാല്‍വകുപ്പ് മധ്യമേഖലാ സൂപ്രണ്ട് വ്യക്തമാക്കിക്കഴിഞ്ഞു. കോവിഡ് കാരണം തപാല്‍വകുപ്പിലും ഹാജര്‍ കുറവായിരുന്ന നാളുകളിലാണ് ഉത്തരക്കടലാസുകള്‍ കൈകാര്യം ചെയ്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നടപടി എടുക്കണമെന്ന് എബിവിപി
മുട്ടറ സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസിന്റെ തിരോധാനത്തില്‍ എബിവിപി പ്രതിഷേധിച്ചു. ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. എബിവിപി കൊട്ടാരക്കര നഗര്‍ പ്രസിഡന്റ് വിഷ്ണു ഓടനാവട്ടം അധ്യക്ഷത വഹിച്ച പ്രതിഷേധം യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വല്ലം വിഷ്ണു ഉദ്ഘാടനം ചെയ്തു. നേതാക്കളായ രാഹുല്‍ മണികണ്ഠേശ്വരം, പ്രേംകുമാര്‍ വല്ലം, രാഹുല്‍ പടിഞ്ഞാറ്റിന്‍കര, അനന്തന് എഴുകോണ്‍, സുനിത് കട്ടയില്‍, അതുല്‍ ഓടനാവട്ടം, അനന്തു അമ്പലത്തുംകാല, സന്ദീപ് കുരുകേശ്വരം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: