കണ്ണൂര്‍: കോവിഡ് പ്രതിരോധം നടപടികളുടെ ഭാഗമായി ക്വാറന്റൈന് ഒരുക്കാനും രോഗികളെ താമസിപ്പിക്കാനും ദുരന്തനിവാരണ നിയമപ്രകാരം ധൃതിപിടിച്ച് സ്ഥാപനങ്ങളെറ്റെടുക്കാനുളള ജില്ലാ ഭരണകൂടത്തിന്റെ നടപടികള്‍ക്ക് വീണ്ടും തിരിച്ചടി. ജില്ലാ ആശുപത്രിക്ക് സമീപമുളള സെഡ് പ്ലസ് ഫ്ളാറ്റ് ഏറ്റെടുത്ത് കോവിഡ് ആശുപത്രിയാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ പരിയാരം ആയുര്‍വേദ കോളേജ് കോവിഡ് ആശുപത്രിയാക്കാനുളള നീക്കത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്.
മലബാറിലെ ഏക ആയുര്‍വേദ കോളേജായ കണ്ണൂര്‍ ആയുര്‍വേദ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമാക്കാനുള്ള നീക്കം നിര്‍ധന രോഗികള്‍ക്ക് തിരിച്ചടിയാണെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടു.
വിഷയത്തില്‍ റവന്യൂ സെക്രട്ടറിയും ജില്ലാ കളക്ടറും അടിയന്തരമായി ഇടപെടണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. പരാതിയിലെ ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കില്‍ അവ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ദൈനംദിന ആരോഗ്യ പ്രശ്നങ്ങള്‍ക്കായി സമീപിക്കുന്നത് ആയുര്‍വേദ കോളേജിനെയാണെന്ന് അഡ്വ. ദേവദാസ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. 150 ലധികം കിടക്കകളുള്ള ആശുപത്രിയില്‍ സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങിയ വൈകല്യങ്ങളുള്ളവര്‍ ചികിത്സക്കെത്താറുണ്ട്. ഇത്തരമൊരു ആശുപത്രി അടച്ചു പൂട്ടുന്നത് സൗജന്യ ചികിത്സ നിഷേധിക്കുന്നതിന് തുല്യമാണെന്നും പരാതിയില്‍ പറയുന്നു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
ആയുര്‍വ്വേദ കോളേജ് ഏറ്റെടുക്കാനുളള നീക്കവും പാതി വഴിയിലായതോടെ ക്വറന്റൈന് വേണ്ടിയും രോഗികളെ കിടത്തിച്ചികിത്സിക്കാനായും സ്വാകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളേറ്റെടുക്കാനുളള സര്‍ക്കാര്‍ നീക്കം പ്രതിസന്ധിയിലിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: