കൊച്ചി: മലയാള സിനിമയിലെ വനിത പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും പുറത്തു പോകുന്നതായി മാധ്യമപ്രവര്‍ത്തകയും സംവിധായികയുമായ വിധു വിന്‍സെന്റ്. ‘വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍’ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകായാണെന്ന് വിധു വിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു.
വിധുവിന്റെ രണ്ടാമത് ചിത്രം സ്റ്റാന്‍ഡ് അപ്പ് നിര്‍മിച്ചത് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനായിരുന്നു. ചിത്രത്തിന്റെ ആദ്യ നിര്‍മാതാതാവ് പിന്മാറിയതിനെ തുടര്‍ന്നാണ് ആന്റോ ജോസഫുമായി ചേര്‍ന്ന് ഉണ്ണികൃഷ്ണന് ചിത്രം നിര്‍മിച്ചത്. നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമാണ് ഡബ്ല്യുസിസിയുടെ ഉത്ഭവം. അക്കാലത്ത് നടന് ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഉണ്ണികൃഷ്ണനെതിരേ വിധു ഉള്‍പ്പെടെ വനിതകള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. അതേ, ഉണ്ണികൃഷ്ണനെ കൊണ്ട് സിനിമ നിര്‍മിപ്പിച്ചതില്‍ സംഘടനയ്ക്കുള്ളില്‍ നിന്ന് വിധുവിന് നേരേ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ സംഘടനയില്‍ നിന്നുള്ള രാജി. വിധു വിന്‍സെന്റിന്റെ ആദ്യ ഫീച്ചര്‍ ചിത്രമായ മാന്‍ഹോളിന് സംസ്ഥാന സര്‍ക്കാരിന്റെ 2016ലെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. ഇതേ ചിത്രത്തിന് മികച്ച സംവിധായിക എന്ന പുരസ്കാരവും വിധുവിന് ലഭിച്ചിരുന്നു. മലയാളത്തില്‍ ആദ്യത്തെ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിക്കുന്നത് വിധു വിന്‍സെന്റിനാണ്.
വിധുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം-
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടര്‍ന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: