ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ.മഹേശന്റെ മരണവുമായി ബന്ധപ്പെട്ടു യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. മാരാരിക്കുളം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തിയാണു മൊഴിയെടുത്തത്. മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ വെള്ളാപ്പള്ളി നടേശന്റെയും മാനേജര്‍ കെ. എല്‍. അശോകന്റെയും പേര് പരാമര്‍ശിച്ചിരുന്നു.
അശോകന്റെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മഹേശന് വിവിധ കത്തുകളിലായി എഴുതിയ കാര്യങ്ങളെപ്പറ്റി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. മഹേശനുമായി തനിക്ക് ശത്രുതയില്ലായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ അശോകന് പറഞ്ഞത്. വെള്ളാപ്പള്ളിയുടെയും അശോകന്റെയും മൊഴി പൂര്‍ണ്ണമായും രേഖപ്പെടുത്തിയ ശേഷം മാത്രമേ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കു.
അന്വേഷണത്തിന്റെ ഭാഗമായി കണിച്ചുകുളങ്ങര ദേവസ്വം ഓഫിസിലെയും സ്കൂളിലെയും രേഖകള്‍ പോലീസ് പരിശോധനയ്ക്കായി എടുത്തു. രണ്ടിടത്തും മഹേശന് ചുമതല വഹിച്ചിരുന്നു. കഴിഞ്ഞ മാസം 24നാണ് മഹേശനെ എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് ഓഫീസിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിലവില്‍ അസ്വഭാവിക മരണത്തിനാണ് മാരാരിക്കുളം പോലീസ് കേസ് കേസെടുത്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണമെന്നുമാണ് മഹേശന്റെ കുടുംബം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: