കാസര്‍കോട്: ഡിസിസി ഓഫീസില്‍ വനിതാ ജില്ലാ ജനറല്‍ സെക്രട്ടറിയും ബോക്ക് പ്രസിഡന്റും തമ്മില്‍ വാക്കേറ്റം അതിരുകടന്നതായി ആക്ഷേപം. തന്നെ തെറി പറഞ്ഞു എന്ന വനിതാ നേതാവിന്റെ പരാതിയില്‍ കെപിസിസി അന്വേഷണം പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജി.രതികുമാറിനെയാണ് അന്വേഷണം നടത്താന്‍ കെപിസിസി ചുമതലപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് ഡിസിസി ഓഫീസില്‍ നാടകീയ സംഭവം അരങ്ങേറിയത്. മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നമാണ് തെറിവിളിയിലേക്കെത്തിയതെന്നാണ് ആരോപണം.
ഉദുമ ബ്ലോക്കില്‍ നിന്നും പെരിയയിലെ വനിതാ നേതാവിനെ മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റാക്കാനും, പാലക്കുന്നിലെ സജീവ മഹിളാ പ്രവര്‍ത്തകയെ മഹിളാ കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡന്റാക്കാനും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഉദുമയില്‍ നിന്ന് കഴിവുള്ളവര്‍ മഹിളാ നേതാക്കളായി വളര്‍ന്നു വരുന്നതില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ വനിതാ നേതാവ് എതിര്‍പ്പുമായി രംഗത്ത് വന്നതാണ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം പുറത്ത് വന്നിരിക്കുന്നത്. മഹിളാ ഭാരവാഹികളായി നിശ്ചയിച്ച രണ്ടു പേരും എ ഗ്രൂപ്പില്‍പ്പെട്ടവരാണ്.
ഡിസിസിഅംഗീകരിച്ച ഭാരവാഹികളുടെ ലിസ്റ്റില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഇടപെട്ട് ഭാരവാഹികളെ തീരുമാനിച്ചത് ഐ ഗ്രൂപ്പുകാരിയായ ഡിസിസി വനിതാ ജനറല്‍ സെക്രട്ടറി ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ഐ വിഭാഗം പറയുന്നു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫോണില്‍ വിളിച്ച് ആദ്യം തെറി പറഞ്ഞതായാണ് പരാതി. ഈ സാഹചര്യത്തില്‍ മഹിളാ ഭാരവാഹി നിയമനം സംബന്ധിച്ച പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മഹിളാ നേതാക്കളും ഡിസിസി ഭാരവാഹികളും ഒത്തുചേര്‍ന്നപ്പോഴാണ് വീണ്ടും വാക്കേറ്റവും വനിതാ നേതാവിനെ അസഭ്യം പറയുകയും ചെയ്തതെന്നാണ് നേതാക്കള്‍ പറയുന്നത്.
ഡിസിസി നേതാക്കള്‍ ഇടപെട്ട് പ്രശ്നം അപ്പോള്‍ തന്നെ പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും തന്നെ തെറി വിളിച്ച ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കണമെന്നും ഇല്ലെങ്കില്‍ താന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുമെന്ന് ഡിസിസി വനിതാ ജനറല്‍ സെക്രട്ടറി നിലപാടെടുത്തതോടെയാണ് അനുനയ നീക്കം പൊളിഞ്ഞത്.
വനിതാ ജനറല്‍ സെക്രട്ടറി ഉടന്‍ തന്നെ പ്രശ്നം കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നിവരുടെ ശ്രദ്ധയിലെത്തിയതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാറിനെ ചുമതലപ്പെടുത്തിയത്. ജില്ലാ കോണ്‍ഗ്രസ് ഓഫീസില്‍ ചൊവ്വാഴ്ച പാര്‍ട്ടി പരിപാടി ഉണ്ടായതിനാല്‍ മുഴുവന്‍ വനിത ഭാരവാഹികളും ഓഫീസില്‍ ഉണ്ടായിരുന്നു.
ഇവര്‍ക്ക് മുന്നില്‍ വച്ചാണ് ഡിസിസി വനിതാ നേതാവിനെ തെറിയഭിഷേകം നടത്തിയതെന്നതിനാല്‍ നേതൃത്വം അതീവ ഗൗരവത്തോടെയാണ് പ്രശ്നത്തെ കാണുന്നത്. പഞ്ചായത്ത് തെരെഞ്ഞെടുപ്പ് പടിവതില്‍ക്കലെത്തി നില്‍ക്കെ ലോകസഭാ തെരെഞ്ഞടുപ്പിലെ വിജയത്തില്‍ ആവേശം ഉള്‍ക്കൊണ്ട് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമ്പോഴാണ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത് നേതൃത്വത്തിനും തലവേദനയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: