ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളോടും സാംസ്കാരിക ബിംബങ്ങളോടും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന അവഹേളന മനോഭാവം പുതിയതല്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ മനോഭാവം വ്യക്തമാകുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായി. ശബരിമലയിലെ ആചാരവിരുദ്ധ നിലപാടടക്കം ഇത്തരം പല വിഷയങ്ങളിലും സര്‍ക്കാരിന് ശക്തമായ തിരിച്ചടി നേരിടേണ്ടിയും വന്നു. നാടിന്റെ സാംസ്കാരിക ഈടുവയ്പുകള്‍ക്കെതിരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ദശകങ്ങള്‍ക്ക് മുമ്പ് തന്നെ നടപ്പാക്കിത്തുടങ്ങിയ വിധ്വംസക പ്രവൃത്തികളുടെ തുടര്‍ച്ച തന്നെയാണിത്.
ജാതിമത ഭേദമെന്യേ അത്യുത്തരകേരളത്തിലെ ജനങ്ങളുടെ ജീവിതവുമായി ഗാഢബന്ധം പുലര്‍ത്തുന്ന തെയ്യം എന്ന അനുഷ്ഠാനത്തിന്റെ വിശ്വാസപരവും ധാര്‍മ്മികവുമായ വശങ്ങളെ ചോര്‍ത്തിക്കളയാനുള്ള അവരുടെ ശ്രമങ്ങള്‍ക്കും ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. കണ്ണൂരിന്റെ ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്താനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയും തങ്ങളുടെ സംസ്കാര ധ്വംസന ലക്ഷ്യത്തിനായി വിനിയോഗിക്കുകയാണ് സിപിഎം. മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി എന്ന പേരിലാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്ശന് സ്കീമില്‍ നിന്നുള്ള 325 കോടി രൂപ സ്വീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. മയ്യഴി പുഴ മുതല്‍ അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പറശ്ശിനിക്കടവ് വഴി പെരുമ്പപ്പുഴ വരെ നീളുന്ന പുഴയാത്രയും ഇതിനിടയിലെ വിവിധ പ്രദേശങ്ങളിലെ നാട്ടുസംസ്കാരവും നാട്ടുവിഭവങ്ങളുമായുള്ള പരിചയപ്പെടലുമൊക്കെ അടങ്ങുന്ന മനോഹരമായ പദ്ധതിയാണിത്. ഇതിന്റെ ഒരു ഭാഗമായാണ് കണ്ണൂര്‍ ചെറുകുന്നിനടുത്തുള്ള തെക്കുമ്പാട് ദ്വീപില്‍ തെയ്യം ക്രൂയിസ് എന്ന പേരിലുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇവിടെ ടൂറിസ്റ്റുകള്‍ക്ക് തെയ്യം സ്റ്റേജില്‍ കാണാന്‍ അവസരമൊരുക്കുന്ന തരത്തിലാണ് ആസൂത്രണം. ഇതിനായി തെയ്യം പെര്‍ഫോമന്‍സ് യാര്‍ഡ് നിര്‍മ്മിക്കും. ദ്വീപിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനായി സൈക്കിള്‍ പാത്ത് തുടങ്ങിയ മറ്റ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
തെയ്യാട്ടരംഗത്തെ ഒരേയൊരു സ്ത്രീത്തെയ്യമായ ദേവക്കൂത്ത് നടക്കുന്ന സ്ഥലമാണ് തെക്കുമ്പാട് കൂലോം. അതിനോട് ചേര്‍ന്നുള്ള താഴേക്കാവിലും നിരവധി തെയ്യങ്ങളും അനുഷ്ഠാനങ്ങളും രണ്ടുവര്‍ഷം കൂടുമ്പോള്‍ നടന്നുവരുന്നു. അനുഷ്ഠാനപൂര്‍വ്വം നടക്കുന്ന ഈ തെയ്യാട്ടങ്ങള്‍ കാണാന്‍ വിശ്വാസപൂര്‍വ്വം ആയിരക്കണക്കിന് ആളുകള്‍ ദ്വീപിലെത്തും. ഇതേസ്ഥലത്ത് തന്നെ ആ ദൈവികസങ്കല്പത്തെ തീര്‍ത്തും അവഹേളിക്കുന്ന തരത്തില്‍ ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ തെയ്യങ്ങളുടെ വേഷം കെട്ടി സ്റ്റേജില്‍ കെട്ടുകാഴ്ചകളാക്കുന്ന സംവിധാനമാണ് അധികൃതര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് പദ്ധതിയില്‍ ഇത്തരത്തില്‍ തെയ്യം പെര്‍ഫോമന്‍സ് ഉള്‍പ്പെടുത്തിയതായി അറിഞ്ഞപ്പോള്‍ത്തന്നെ തെയ്യക്കോലധാരികളുടെയും തെയ്യം ആരാധകരുടെയും സംഘടനാ പ്രതിനിധികള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് നിവേദനം നല്കിയവരോട് പ്രദേശത്തെ എംഎല്‍എമാരായ ടി.വി. രാജേഷും ജെയിംസ് മാത്യുവും തെയ്യത്തെ സ്റ്റേജില്‍ അവതരിപ്പിക്കില്ല എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ തെയ്യം പെര്‍ഫോമിംഗ് യാര്‍ഡ് പ്രഖ്യാപിക്കുകയും അതിനുള്ള രൂപരേഖ അവതരിപ്പിക്കുകയും ചെയ്യുകയാണുണ്ടായത്.
തെയ്യത്തിന്റെ വേഷം കെട്ടിയാല്‍ അത് തെയ്യമാകില്ലെന്നും അനുഷ്ഠാനപരവും ആചാരപരവും സാമൂഹ്യവുമായ നിരവധി ഘടകങ്ങള്‍ ഉള്‍ച്ചേരുകയും സമൂഹത്തിന്റെ എല്ലാവിഭാഗങ്ങളിലും പെട്ടവരുടെ സാന്നിധ്യവും ഇടപെടലും ഉണ്ടാകുകയും ചെയ്യുമ്പോള്‍ മാത്രമേ തെയ്യം പൂര്‍ണതയിലെത്തുകയുള്ളു എന്നും അറിയാത്തവരല്ല, തെയ്യങ്ങളുടെ നാട്ടില്‍ ജനിച്ചുവളര്‍ന്ന രാജേഷും ജെയിംസ് മാത്യുവും. എന്നാല്‍ വികസനത്തിന്റെയും ടൂറിസത്തിന്റെയും പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ പണം ഉപയോഗിച്ച് അവര്‍ തങ്ങളുടെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം നടപ്പാക്കുകയാണ്. തെയ്യത്തെയും ക്ഷേത്രകലകളെയുമൊക്കെ അതിന്റെ അനുഷ്ഠാനങ്ങളില്‍ നിന്നും സാംസ്കാരിക പരിസരത്തു നിന്നും അടര്‍ത്തിമാറ്റി നമ്മുടെ തനത് സംസ്കാരത്തെ ഇകഴ്ത്തിക്കാട്ടുക എന്ന ഇടതുപക്ഷ ആശയത്തിന്റെ നടപടികളായേ ഇതിനെ കാണാനാകൂ.
ജൈവവൈവിധ്യം കൊണ്ട് സവിശേഷമായ ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന തെക്കുമ്പാട് ദ്വീപില്‍ ഈ പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഒരു പഠനവും നടന്നതായും അറിവില്ല. കേന്ദ്ര ടൂറിസം വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളുടെ സംസ്കാരത്തെയും പരിസ്ഥിതിയെയും ഒരുപോലെ കടന്നാക്രമിക്കുന്ന പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. ആറ് മാസം നീണ്ടുനില്‍ക്കുന്ന തെയ്യക്കാലത്ത് കണ്ണൂര്‍ ജില്ലയില്‍ മാത്രം നാനൂറോളം വൈവിധ്യമാര്‍ന്ന തെയ്യങ്ങള്‍ ആയിരത്തോളം കാവുകളിലായി കെട്ടിയാടപ്പെടുന്നുണ്ട്. തെയ്യമെന്ന അപൂര്‍വ്വചാരുതയെ അതിന്റെ തനത് രൂപത്തില്‍ കാണാന്‍ ആഗ്രഹിച്ചെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് അത് നേരിട്ടു കാണിച്ചുകൊടുക്കലാണ് സാംസ്കാരിക ടൂറിസം. തെയ്യത്തിന്റെ യഥാര്‍ത്ഥ പരിസരത്ത് വച്ച് അനുഷ്ഠാനപൂര്‍വ്വമുള്ള അവതരണം കാണാന്‍ അവസരമൊരുക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. ഇപ്പോള്‍ ചെലവഴിക്കുന്ന കോടികളൊന്നും ഇതിനു വേണ്ടിവരുകയുമില്ല. ടൂറിസ്റ്റുകള്‍ക്ക് വേണ്ടി കാവുകള്‍ വെട്ടിത്തെളിച്ച് പെര്‍ഫോമിംഗ് യാര്‍ഡും സ്റ്റേജും മറ്റും നിര്‍മ്മിക്കേണ്ടി വരില്ല എന്നതിനാല്‍ പരിസ്ഥിതിക്ക് ദോഷം വരാതെ തന്നെ ഇത്തരം പദ്ധതികള്‍ നടപ്പാക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: