ലണ്ടന്‍: കിരീടം ചൂടിയ ലിവര്‍പൂളിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി കളിക്കളത്തിലേക്ക് സ്വീകരിച്ചത്. പക്ഷെ ആ സമയത്ത് മാത്രമാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാണെന്ന് തോന്നിയത്. കളി തുടങ്ങിയതോടെ കഥ മാറി. ലിവര്‍പൂളിനെ വരിഞ്ഞുമുറുക്കിയെ സിറ്റി പ്രീമിയര്‍ ലീഗില്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചു. ഇത്തവണത്തെ ലീഗ് കിരീടം തലയിലേറ്റിയശേഷം ലിവര്‍ പൂളിന്റെ ആദ്യ തോല്‍വി.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി നിര്‍ദാക്ഷിണ്യം ലിവര്‍പൂളിനെ ആക്രമിച്ചു കീഴടക്കുകയായിരുന്നു. സിറ്റിയുടെ സ്റ്റാര്‍ താരങ്ങളായ കെവിന് ഡി ബ്രൂയിനും റഹീം സ്റ്റെര്‍ലിങ്ങും കത്തിക്കയറിയതോടെ ലിവര്‍പൂളിന്റെ പ്രതിരോധം പാളി. കെവിന് ഡി ബ്രൂയിന്, റഹീം സ്റ്റെര്‍ലിങ്, ഫില്‍ ഫോഡന്, എന്നിവരാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്. ഒരു ഗോള്‍ ലിവര്‍പൂളിന്റെ സംഭാവനയായിരുന്നു. അല്ക്സ് ഓക്സ്ലേഡ് ചേമ്പര്ലെയിനാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്.
കഴിഞ്ഞയാഴ്ചയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് തോറ്റതിനെ തുടര്‍ന്നാണ് ലിവര്‍പൂള്‍ മുപ്പത് വര്‍ഷത്തിനുശേഷം പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. കീരടധാരണം കഴിഞ്ഞ് ഒരാഴ്ചയായതിന് പിന്നാലെ അവര്‍ സിറ്റിയില്‍ നിന്ന് നാണം കെട്ട് തോല്‍വിയും ഏറ്റുവാങ്ങി. ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി 32 മത്സരങ്ങളില്‍ 66 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. കിരീടം സ്വന്തമാക്കിയ ലിവര്‍പൂള്‍ 32 മത്സരങ്ങളില്‍ 86 പോയിന്റുമായി ഒന്നാം സ്ഥാനത്ത്് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: