ന്യൂദല്‍ഹി: രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989 ലെ നാഷണല്‍ പെര്‍മിറ്റ് വ്യവസ്ഥ ഭേദഗതി വരുത്തുന്നതിനു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ചരക്ക് വാഹനങ്ങള്‍ക്ക് രാജ്യത്തെവിടെയും സഞ്ചരിക്കാനുള്ള നാഷണല്‍ പെര്‍മിറ്റ് നല്‍കിയത് വിജയകരമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇതേ മാതൃകയില്‍ ടൂറിസ്റ്റ് പാസ്സഞ്ചര്‍ വാഹനങ്ങള്‍ക്കും നാഷണല്‍ പെര്‍മിറ്റ് നല്കാന് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇതിനായി ‘ആള് ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ഓതറൈസേഷന്‍ ആന്റ് പെര്‍മിറ്റ് റൂള്‍സ് 2020’ എന്ന പേരില്‍ പുതിയ ചട്ടങ്ങള്‍, പൊതു ജന അഭിപ്രായം തേടാന്‍ ജൂലൈ ഒന്നിന് മന്ത്രാലയം പ്രസിദ്ധീകരിച്ചു.
സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും സംസ്ഥാനങ്ങളുടെ വരുമാനം വര്‍ധിക്കുന്നതിനും ഈ നീക്കം സഹായകരമാകും. ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും മറ്റും സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ ക്ഷണിച്ചു.
ഈ പുതിയ പദ്ധതി പ്രകാരം ഒരു ടൂറിസ്റ്റ് വെഹിക്കിള്‍ ഓപ്പറേറ്റര്‍ക്ക് ഓള് ഇന്ത്യ ടൂറിസ്റ്റ് ഓതറൈസേഷന്‍/പെര്‍മിറ്റിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. തുടര്‍ന്ന് ചട്ട പ്രകാരം ആവശ്യപ്പെടുന്ന ഔദ്യോഗിക രേഖകളും പെര്‍മിറ്റിനായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഫീസും അടച്ചാല്‍ നിയമാനുസൃതമായ നിബന്ധനകള്‍ക്ക് വിധേയമായി 30 ദിവസത്തിനുള്ളില്‍ പെര്‍മിറ്റ് നല്‍കുന്നതാണ്.
ആള് ഇന്ത്യ ഓതറൈസേഷന്‍ / പെര്‍മിറ്റ് വേഗം ലഭിക്കുന്നതിന് ഈ പദ്ധതി സഹായരമാകും. പെര്‍മിറ്റിന്റെ കാലാവധി മൂന്ന് മാസമോ; അതിന്റെ ഗുണിതങ്ങളോ ആയിരിക്കും. പരമാവധി കാലാവധി മൂന്ന് വര്‍ഷമായിരിക്കും. രാജ്യത്ത് ടൂറിസം സീസണ് കുറവായ പ്രദേശങ്ങളെയും സാമ്പത്തികശേഷി കുറഞ്ഞ ടൂര്‍ ഓപ്പറേറ്റര്‍മാരെയും പരിഗണിച്ചുകൊണ്ടാണ് ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലെ എല്ലാ പെര്‍മിറ്റുകള്‍ക്കും അവയുടെ കാലാവധി തീരുന്നതുവരെ പ്രാബല്യമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: