ചങ്ങനാശ്ശേരി: ഹയര്‍ സെക്കണ്ടറി ബാച്ചുകളിലെ സീറ്റുകളുടെ എണ്ണം മുന്‍വര്‍ഷങ്ങളില്‍ അശാസ്ത്രീയമായി വര്‍ദ്ധിപ്പിച്ചത് വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഒരു ബാച്ചില്‍ പരമാവധി 50 വിദ്യാര്‍ത്ഥികള്‍ എന്നതാണ് നിലവിലുള്ള വ്യവസ്ഥ. അതിനുള്ള അടിസ്ഥാനസൗകര്യങ്ങളാണ് വിദ്യാലയങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ അദ്ധ്യയനവര്‍ഷം പ്രവേശനനടപടികള്‍ തുടങ്ങിക്കഴിഞ്ഞ്, വേണ്ടത്ര പഠനമില്ലാതെ 30% സീറ്റുവരെ വര്‍ദ്ധിപ്പിച്ചു.
50 വിദ്യാര്‍ത്ഥികള്‍ ഇരിക്കേണ്ട ക്ലാസ്മുറികളില്‍ 65 വിദ്യാര്‍ത്ഥികള്‍വരെ തിങ്ങിനിറഞ്ഞിരിക്കേണ്ട സാഹചര്യം ഇതുമൂലം ഉണ്ടായി. വിദ്യാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെയും പഠനനിലവാരത്തെയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും ഇത് ദോഷകരമായി ബാധിച്ചു. ചില ജില്ലകളില്‍ അപേക്ഷകര്‍ കൂടുതലുണ്ടെന്ന ന്യായമാണ് ഇക്കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് പറയുന്നത്. എന്നാല്‍ പല വിദ്യാലയങ്ങളിലും ബാച്ചുകള്‍ നിലനില്ക്കുന്നതിനാവശ്യമായ മിനിമം വിദ്യാര്ത്ഥികള്പോലുമില്ലാത്ത അവസ്ഥയുമുണ്ട്.
കഴിഞ്ഞ അദ്ധ്യയനവര്‍ഷം പല ജില്ലകളിലും സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം ഗവണ്മെന്റ് / എയിഡഡ് മേഖലയില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍, സപ്ലിമെന്ററി അലോട്ട്മെന്റിന് ഒരു അപേക്ഷകന്പോലും ഇല്ലാതിരുന്ന ജില്ലകളില്‍പോലും പൊതുവായി 10% സീറ്റ് വര്‍ദ്ധിപ്പിച്ചത് നീതീകരിക്കാവുന്നതല്ല. ഈ അദ്ധ്യയനവര്‍ഷം പൊതുവിദ്യാഭ്യാസമേഖലയില്‍നിന്ന് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒന്പതിനായിരത്തില്പരം വിദ്യാര്‍ത്ഥികളുടെ കുറവുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ യാതൊരു മാനദണ്ഡവും നോക്കാതെ അശാസ്ത്രീയമായി ഈ വര്‍ഷവും പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നത് ഹയര്‍ സെക്കണ്ടറിമേഖലയെ പ്രതികൂലമായി ബാധിക്കും.
അപേക്ഷകര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ശാസ്ത്രീയപഠനത്തിനുശേഷം അനിവാര്യമെങ്കില്‍ പ്രാദേശികമായി സീറ്റ് വര്‍ദ്ധിപ്പിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: