കൊച്ചി : ആലുവ ചൂര്‍ണിക്കരയില്‍ സിപിഎം കോണ്‍ഗ്രസ് സംഘട്ടനം. വനിതാ പഞ്ചായത്ത് അംഗത്തെ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചവശയാക്കി. ചൂര്‍ണ്ണിക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി സന്തോഷാണ് മര്‍ദ്ദനത്തിനിരയായത്.
പ്രദേശത്തെ തോട് നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. പഞ്ചായത്ത് എഇയുമായി സംസാരിക്കവേ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് രാജിയെ മര്‍ദ്ദിക്കുകയായിരുന്നു. പഞ്ചായത്ത് അംഗത്തെ മര്‍ദ്ദിക്കരുതെന്ന് എഇയും മറ്റ് അംഗങ്ങളും അഭ്യര്ത്ഥിച്ചെങ്കിസും സിപിഎമ്മുകാര്‍ അതൊന്നും കണക്കിലെടുക്കാതെ വീണ്ടും അവരെ മര്‍ദ്ദിക്കുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാര്‍ തടിച്ചു കൂടാന്‍ തുടങ്ങിയതോടെയാണ് സിപിഎമ്മുകാര്‍ പിന്മാറിയത്. സംഭവമറിഞ്ഞെത്തിയ ഇവരുടെ ഭര്‍ത്താവ് രജീഷും നാട്ടുകാരും ചേര്‍ന്ന് രാജിയെ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ രണ്ട് വിരലുകള്‍ക്ക് ഒടിഞ്ഞതായും ആരോപണമുണ്ട്.
അതേസമയം രാജിയും ഭര്‍ത്താവും സംഘം ചേര്‍ന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി സിപിഎമ്മും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറി കെ.മാധവന് കുട്ടി നായരേയും രജീഷ് കുമാറിനേയും തോട് നിര്‍മാണ വിഷയത്തില്‍ രാജി ഇവരെ തടഞ്ഞു നിര്‍ത്തി മുഖത്ത് അടിക്കുകയും പിന്നീട് മറ്റുള്ളവരും മര്‍ദ്ദിച്ചെന്നുമായിരുന്നു പരാതി.
മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അസഹിഷ്ണുതയോടെ കയര്‍ക്കുന്നതും രാജി സന്തോഷിനു പതിവുള്ളതാണ്. പലപ്പോഴും പെണ് ഗുണ്ടയെപ്പോലെ പുരുഷന്മാരെ മര്‍ദ്ദിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ടെന്നും സിപിഎമ്മിന്റെ പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തതായി ആലുവ സി.ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: