ചെന്നൈ: ദ ഹിന്ദുവില്‍ മാധ്യമപ്രവര്‍ത്തകരെ ഒരാനുകൂല്യവും നല്‍കാതെ കൂട്ടത്തോടെ പിരിച്ചുവിടുന്നതില്‍ പത്രപ്രവര്‍ത്തകരില്‍ രോഷം. പക്ഷെ ഒന്നും ചെയ്യാന്‍ കഴിയാതെ നിസഹായാവസ്ഥയിലാണ് അവര്‍.
റിപ്പോര്‍ട്ടര്‍മാര്‍, സബ് എഡിറ്റര്‍മാര്‍ എന്നിവര്‍ അടക്കം നൂറിലേറെപ്പേര്‍ക്കാണ് ദ ഹിന്ദു മാനേജ്മെന്റ് പിരിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയത്. വര്‍ഷങ്ങളായി പത്രത്തില്‍ ജോലി ചെയ്യുന്നവര്‍ക്കു പോലും മൂന്നു മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും മാത്രമാണ് പിരിഞ്ഞുപോകുന്നതിന് വാഗ്ദാനം നല്‍കിയത്.
വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് അടക്കമുള്ള നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കൊറോണ പ്രതിസന്ധിയുടെ പേരില്‍ ഒരാളെപ്പോലും പിടിച്ചുവിടരുതെന്ന് കേന്ദ്രത്തിന്റെ ശക്തമായ നിര്‍ദ്ദേശമുള്ളപ്പോഴാണ് ഈ നടപടി.
മുംബൈ എഡിഷനിലാണ് കൂടുതല്‍ പേരെ പിരിച്ചുവിടുന്നത്. ഇവിടെ മാത്രം മുപ്പതോളം പേര്‍ക്ക് നോട്ടീസ് നല്കി. മൂന്നു മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയുമല്ലാതെ സെറ്റില്‍മെന്റായി മറ്റൊന്നും നല്‍കുന്നില്ല. ഇത് തുച്ഛമായ തുകയാണ്. ഒരു മാസത്തെ മുഴുവന്‍ ശമ്പളം പോലുമില്ല, മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
കൊറോണയും ലോക്ഡൗണും മൂലം വരുമാനം വലിയ തോതില്‍ നിലച്ചുവെന്നും അതിനാലാണ് പിരിച്ചുവിടലെന്നുമാണ് ഉടമകള്‍ പറയുന്നത്. വിഷയത്തില്‍ പ്രസ് കൗണ്‍സില്‍ ഇടപെട്ടു. 1947ലെ വ്യവസായ തര്‍ക്ക നിയമം പോലും പാലിക്കാതെയാണ് പലര്‍ക്കും നോട്ടീസ് നല്കിയതും രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതും. ശമ്പള പരിഷ്ക്കരണത്തില്‍ മജീദിയ വേജ് ബോര്‍ഡിന്റെ ശുപാര്‍ശകള്‍ പോലും മുന്‍പ് കൃത്യമായി നടപ്പാക്കാത്ത സ്ഥാപനമാണ് ദ ഹിന്ദുവെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: