ന്യൂദല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കവും സംഘര്‍ഷവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ പാങ്ങ്ഗോങ്ങ് സോ തടാകത്തിലേക്ക് അതിവേഗ ബോട്ടുകള്‍ എത്തിക്കും. അത്യാധുനിക നിരീക്ഷണ ഉപകരണങ്ങള്‍ ഘടിപ്പിച്ച 12 ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ എത്തിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.
സൈനിക കമാന്‍ഡര്‍മാരുടെ ചര്‍ച്ചകളെത്തുടര്‍ന്ന് ഗല്‍വാന്‍ താഴ്വരയില് നിന്ന് പിന്മാറാമെന്ന് ചൈന സമ്മതിച്ചെങ്കിലും പാങ്ങ്ഗോങ്ങ് സോ തടാകത്തിനു സമീപത്തു നിന്നും ഇവിടത്തെ മലനിരകളില്‍ നിന്നും മാറുന്ന കാര്യത്തില്‍ അവര്‍ മൗനം പാലിക്കുകയാണ്. മാത്രമല്ല സൈനികരെ പിന്‍വലിക്കാമെന്ന് പറഞ്ഞാലും അവരുടെ വാക്കുകളില്‍ ഇന്ത്യക്ക് വലിയ വിശ്വാസമില്ല.
13,900 അടി ഉയരത്തില്‍ ഹിമാലയനിരകളിലുള്ള തടാകത്തില്‍ കരസേനയുടെ 17 അതിവേഗ പ്രതികരണ ബോട്ടുകളുണ്ട്. പക്ഷെ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ബോട്ടുകള്‍ വേണമെന്നാണ് കരസേനയുടെ നിലപാട്. ഇവ ഇവിടെയെത്തിക്കുന്നതാണ് പ്രശ്നം. പുതിയ ബോട്ടുകള്‍ അഴിച്ചെടുത്ത് ഭാഗങ്ങളാക്കി സി 17 ഗ്ലോബ് മാസ്റ്റര്‍- മൂന്ന് എന്ന കൂറ്റന്‍ വിമാനത്തില്‍ വേണം ലേയില്‍ എത്തിക്കാന്‍. അവിടെ നിന്ന് റോഡ് മാര്‍ഗം തടാകത്തിലുമെത്തിക്കും. ടിബറ്റ് മുതല്‍ ഇന്ത്യ വരെ പരന്നുകിടക്കുന്ന പാങ്ങ്ഗോങ്ങ് തടകത്തിന് 134 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഇതിന്റെ മൂന്നില്‍ രണ്ടു ഭാഗവും ചൈനയുടെ കൈവശമാണ്.
പാങ്ങ്ഗോങ്ങ് സോ മേഖലയില്‍ നിന്ന് ചൈന പിന്മാറുന്നതില് കൃത്യമായ സൂചനയൊന്നുമില്ല. അവര്‍ പിന്മാറാതെ നാം സൈന്യത്തെ പിന്‍വലിക്കില്ല. തടാകത്തിന്റെ വടക്കേക്കരകളിലാണ് അവര്‍ കുടിലുകള്‍ കെട്ടിയത്. ഇവിടെ നിന്ന് സൈനിക പിന്മാറ്റം വളരെ പതുക്കെ മാ്രതമേ നടക്കൂയെന്നാണ് സൂചന.
ഇന്ത്യ വളരെയേറെ കരുതലോടെയാണ് ഇവിടെ നിലകൊള്ളുന്നത്. ചൈനയുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിച്ചു മാത്രമാണ് നാം അടുത്ത നടപടികളെടുക്കുന്നത്. പിന്മാറുമെന്നു പറഞ്ഞ ശേഷമാണ് ചൈന ഗല്‍വാനില്‍ ടെന്റ് അടിച്ചതും ഇന്ത്യന്‍ സൈനികര്‍ക്ക് അത് കത്തിച്ചുകളയേണ്ടിവന്നതും. അങ്ങനെ കേണല്‍ സന്തോഷ് ബാബുവടക്കം 20 സൈനികര്‍ക്ക് ജീവന്ബലിയര്പ്പിക്കേണ്ടി വന്നു. ഗല്‍വാനില്‍ നിന്ന് രണ്ടര മുതല്‍ മൂന്നു കിലോമീറ്റര്‍ വരെ പിന്നിലേക്ക് മാറാമെന്നാണ് ചൈന സമ്മതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: