സിനിമാ വ്യവസായത്തില്‍ അപ്രിയമായ ചിലത് സംഭവിക്കുന്നുവെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന് കണ്ടുപിടിച്ചിരിക്കുന്നു. ജനപ്രീതിയുള്ള മേഖലകളെ ഉപയോഗപ്പെടുത്തി എങ്ങനെയാണ് ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നത് എന്നതിന് ഉദാഹരണമാണിതെന്നും മന്ത്രിക്ക് അഭിപ്രായമുണ്ട്. കാര്യങ്ങള്‍ നമ്മള് കണ്ടതിനെക്കാളും കേട്ടതിനെക്കാളും ഞെട്ടിക്കുന്നതാണെന്നും, നടിയും നര്‍ത്തകിയുമായ ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചു എന്ന കേസിനെ പരാമര്‍ശിച്ച് മന്ത്രി ബാലന് വെളിപ്പെടുത്തിയിരിക്കുന്നു. പല കാര്യങ്ങളും പലരും പറയുന്നില്ല. ചിലര്‍ പറയാന്‍ നിര്‍ബന്ധിതരാകുമ്പോഴാണ് ജനങ്ങള്‍ അറിയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരിടപെടല്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുന്നു.
ദൃശ്യമാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ മന്ത്രി ബാലന് ഇങ്ങനെയൊക്കെ പറയുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെടും. ഏതെങ്കിലുമൊരു അനിഷ്ട സംഭവത്തിന്റെ പേരില്‍ സിനിമാരംഗത്തെ മുഴുവന്‍ അധിക്ഷേപിക്കുന്നത് ഒരു സാംസ്കാരിക മന്ത്രിക്ക് ഒട്ടും ചേര്‍ന്നതല്ല. സത്യസന്ധതയും അര്‍പ്പണബോധവുമുള്ള നിരവധിയാളുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കാര്യം അറിഞ്ഞോ അറിയാതെയോ മന്ത്രി വിസ്മരിക്കുകയും ചെയ്യുന്നു.
ഇടതുമുന്നണി സര്‍ക്കാരിലെ സാംസ്കാരിക മന്ത്രിയെന്ന നിലയില്‍ എ.കെ. ബാലന്റെ ധാര്‍മിക രോഷംകൊള്ളലില് വലിയ കാപട്യവുമുണ്ട്. കാരണം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് അധികം കഴിയുന്നതിനു മുന്‍പാണ് സിനിമാ രംഗത്തെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ പ്രമുഖ നടിമാര്‍ ഉന്നയിച്ച വിമര്‍ശനം വന്‍ വിവാദമായിത്തീര്‍ന്നത്. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ പലരുടെയും കിടക്ക പങ്കിടേണ്ട സ്ഥിതിയാണുള്ളതെന്നാണ് നടിമാരുടെ സംഘടന തുറന്നടിച്ചത്. ഇതിനെത്തുടര്‍ന്ന് ഇത്തരം അനഭിലഷണീയമായ പ്രവണതകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയും നടി ശാരദ, കെ.ബി. വത്സലകുമാരി ഐഎഎസ് എന്നിവര്‍ അംഗങ്ങളുമായുള്ള സമിതി ആരോപണങ്ങളെ മുഴുവന്‍ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രി ബാലനുമുണ്ടായിരുന്നു ഈ റിപ്പോര്‍ട്ട് സ്വീകരിക്കാന്‍.
വിപുലമായ റിപ്പോര്‍ട്ടാണ് ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി സമര്‍പ്പിച്ചത്. നടികള്‍ മാത്രമല്ല ഹെയര്‍ സ്റ്റൈലിസ്റ്റുകളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും വരെ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നുണ്ടെന്ന് തെളിവു സഹിതമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരം സംഭവങ്ങളുടെ പെരുപ്പം തന്നെ അദ്ഭുതപ്പെടുത്തിയെന്നും, അതിനാല്‍ കൂടുതല്‍ അന്വേഷിക്കാതെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുകയാണുണ്ടായതെന്നും ജസ്റ്റിസ് ഹേമ പറയുകയുണ്ടായി. ഇതിന് തടയിടാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചിരുന്നു. ഇത് തടയുന്ന നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് മന്ത്രി ബാലന് അന്ന് പ്രഖ്യാപിച്ചത്. 2019 ഡിസംബറിലാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പക്ഷേ യാതൊരു നടപടിയും ഉണ്ടായില്ല. എന്നിട്ടാണ് സാംസ്കാരിക മന്ത്രി വീണ്ടും ചാരിത്ര്യ പ്രസംഗം നടത്തുന്നത്. സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ അത് സിനിമാ മേഖലയെ കുറച്ചെങ്കിലും ശുദ്ധീകരിക്കുമായിരുന്നു. മന്ത്രി അധരവ്യായാമം അവസാനിപ്പിച്ച് ഇനിയെങ്കിലും അതിന് ശ്രമിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: