ഹേഗ്: കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായക്കോടതിയില്‍ ഇന്ത്യക്ക് വിജയം. ഇറ്റാലിയന്‍ മറീനുകള്‍ (നാവികസേനക്കാര്‍) കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഇറ്റലിയുടെ വാദങ്ങള്‍ തള്ളി നിയമപരമായ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. നാവികരായ സാല്‍വത്തോര്‍ ഗിറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവര്‍ അന്താരാഷ്‌ട്ര നിയമങ്ങള്‍ ലംഘിച്ചതായി കോടതി കണ്ടെത്തി. ഇതുവഴി ഇറ്റലി യുഎന്‍ കടല്‍നിയമവും ഇന്ത്യയുടെ കപ്പലോട്ട അവകാശവും ലംഘിച്ചു.
ജീവന്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഇറ്റലി നഷ്ടപരിഹാരം നല്‍കണം. തൊഴിലാളികളെ ഉപദ്രവിച്ചതിനും വസ്തുവകകള്‍ കേടുവരുത്തിയതിനും ബോട്ടിലെ ക്യാപ്റ്റന്റെയും മറ്റുള്ളവരുടെയും അന്തസും മറ്റും നശിപ്പിച്ചതിനും ഇന്ത്യക്കും നഷ്ടപരിഹാരം നല്‍കണം. ഇന്ത്യയും ഇറ്റലിയും ചര്‍ച്ച നടത്തി നഷ്ടപരിഹാരത്തുകയില്‍ തീരുമാനമെടുക്കണം. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലല്ല സംഭവമെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നുമുള്ള ഇറ്റലിയുടെ വാദം കോടതി തള്ളി.
2012 ഫെബ്രുവരി 15നാണ് കൊല്ലത്തു നിന്നു പോയ സെന്റ് ആന്റണിയെന്ന ബോട്ടിലെ തമിഴ്‌നാട് കുളച്ചല്‍ സ്വദേശി അജേഷ് ബിങ്കി, കൊല്ലം മൂദാക്കര സ്വദേശി ജെലസ്റ്റിന്‍ വാലന്റൈന്‍ എന്നിവരെ എന്റികോ ലക്‌സിയെന്ന കപ്പലിലെ ഇറ്റാലിയന്‍ നാവികര്‍ രാത്രിയില്‍ വെടിവച്ചു കൊന്നത്. കടല്‍ക്കൊള്ളക്കാരാണെന്നു കരുതി വെടിവച്ചെന്നായിരുന്നു വാദം. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവരുടെ കുടുംബങ്ങള്‍ക്ക് കുറച്ചെങ്കിലും നീതി ലഭ്യമാകുന്നത്. ഇതിടെ ചെറിയ നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടന്നിരുന്നു.















