തൃശൂര്‍: കൊറോണയെത്തുടര്‍ന്നുള്ള ലോക്ഡൗണില്‍ സംസ്ഥാനത്ത് ഏറ്റവും പ്രയാസമനുഭവിക്കുന്ന വിഭാഗമാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍. തെറാപ്പി സെന്ററുകളും സ്പെഷ്യല്‍ എഡ്യുക്കേഷന്‍ സെന്ററുകളും അടച്ചിട്ടിരിക്കുന്നതിനാല്‍ നാലു മാസമായി ഇവര്‍ വീട്ടുതടങ്കലിലാണ്.
സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബുദ്ധിമാന്ദ്യം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്ക് മുടങ്ങാതെ വിവിധതരം തെറാപ്പികളും സ്പെഷ്യല്‍ ടീച്ചേഴ്സിന്റെ സേവനവും ആവശ്യമാണ്. ചികിത്സയും പഠനവും കൂടിച്ചേര്‍ന്ന രീതിയാണിത്. സംസാരവൈകല്യമുള്ളവര്‍ക്ക് സ്പീച്ച് തെറാപ്പി, പെരുമാറ്റവൈകല്യമുള്ളവര്‍ക്ക് ബിഹേവിയറല്‍ തെറാപ്പി, സൈക്കോളജിക്കല്‍ തെറാപ്പി ഇങ്ങനെ പലതരം രീതികളുണ്ട്.
മാനസികവും ശാരീരികവുമായ തെറാപ്പികള്‍ ലഭിക്കാതാവുന്നതോടെ ഇവരുടെ മാനസിക നില തകരാറിലാകും. വീട്ടില്‍ അടച്ചിട്ടിരിക്കുന്നതും കുട്ടികളുടെ മാനസിക നിലയെ വല്ലാതെ ബാധിക്കും. പലരും അക്രമാസക്തരാവുകയും ബഹളം വയ്ക്കുകയും ചെയ്യും. നാലുമാസത്തോളം മുടങ്ങിയതു മൂലം നേരത്തെ നല്കിയ തെറാപ്പിയിലൂടെ ഇവര്‍ ആര്‍ജ്ജിച്ച കഴിവുകള്‍ പലരും മറന്നുപോകാനിടയുണ്ടെന്നും പറയുന്നു. വര്‍ഷങ്ങളായി തെറാപ്പിയും സ്പെഷ്യല്‍ എഡ്യുക്കേഷനും നല്കുന്ന കുട്ടികള്‍ക്ക് പോലും ഇനി ഇത് ആദ്യം മുതല്‍ തുടങ്ങണമെന്നതാണ് അവസ്ഥ. രക്ഷിതാക്കള്‍ക്ക് ഭാരിച്ച ചെലവ് വരുന്നതാണ് സ്പെഷ്യല്‍ എഡ്യുക്കേഷനും തെറാപ്പികളും. ശരാശരി നാലായിരം മുതല്‍ പതിനായിരം രൂപ വരെ മാസം ഫീസായി നല്‍കേണ്ടതുണ്ട്. വര്‍ഷങ്ങളോളം ഇതെല്ലാം ചെയ്തവര്‍ക്ക് പോലും ഇപ്പോള്‍ ആദ്യം മുതല്‍ തുടങ്ങേണ്ട അവസ്ഥയിലാണ്.
വീട്ടിലിരിക്കുന്ന കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയതോടെ മാതാപിതാക്കളും കടുത്ത സമ്മര്‍ദ്ദത്തിലാണ്. പലര്‍ക്കും ജോലിക്ക് പോകാനോ പുറത്തുപോകാനോ കഴിയുന്നില്ല. തെറാപ്പികള്‍ മുടങ്ങിയതോടെ പലകുട്ടികള്‍ക്കും ആരോഗ്യ പ്രശ്നങ്ങളും കണ്ടു തുടങ്ങിയിട്ടുണ്ട്. വ്യായാമം ഇല്ലാതായതോടെ വീട്ടിലിരിക്കുന്ന കുട്ടികള്‍ അമിതമായി വണ്ണം വയ്ക്കുന്നതാണ് മറ്റൊരു പ്രശ്നം. സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ പതിനെട്ട് വയസിനു താഴെയുള്ളവരുടെ എണ്ണം മൂന്നു ലക്ഷത്തോളം വരുമെന്നാണ് ഏകദേശ കണക്ക്. സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവുമെടുത്തിട്ടില്ല. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി പഠിക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ ആ രീതി പ്രായോഗികവുമല്ല. മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കാനും ഇവര്‍ക്കറിയില്ല. സാമൂഹ്യ അകലം പാലിക്കാനും അറിയില്ല.
പിന്നെയുള്ള ഏക പോംവഴി വണ്‍ ടു വണ്‍ എന്ന രീതിയിലുള്ള അധ്യയനമാണ്. ഒരു കുട്ടിക്ക് ഒരു ടീച്ചര്‍ എന്ന രീതി. അതിന് സെന്ററുകള്‍ തുറക്കണം. സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം. സംസ്ഥാനത്തെ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ സെന്ററുകള്‍ ഇക്കാര്യമാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. അതേസമയം, ഇത്തരം കുട്ടികളെ പുറത്തിറക്കുന്നത് വലിയ റിസ്കാണെന്ന അഭിപ്രായമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ ഇവര്‍ക്ക് രോഗബാധയുണ്ടായാല്‍ തനിച്ചാക്കി ചികിത്സ നല്‍കാനാവില്ല എന്നതാണ് വലിയ പ്രതിസന്ധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: