കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ കൊറോണ വാര്‍ഡില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ മാനസികസമ്മര്‍ദ്ദത്തില്‍. കൊറോണ ഡ്യൂട്ടിയുടെ പേരില്‍ നഴ്സുമാരോട് മനുഷ്യത്വരഹിത പ്രവര്‍ത്തനവുമായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് അധികൃതര്‍ മുന്നോട്ട് പോകുന്നതായാണ് ഉയരുന്ന ആക്ഷേപം.
രോഗികളുടെ എണ്ണം കൂടി വരുംതോറും ഇവരുടെ ജോലിയും കൂടുന്നു. പക്ഷേ സ്റ്റാഫുകളുടെ എണ്ണം കൂടുന്നില്ല. വിശ്രമം ആവശ്യമുള്ള ജോലിയാണ് കൊറോണ ഡ്യൂട്ടി. രോഗം പിടിപ്പെട്ടോ എന്ന് അറിയണമെങ്കില്‍തന്നെ 14 മുതല്‍ 28 ദിവസം വരെ ക്വാറന്റൈന് നിര്‍ബന്ധമാണ്. എന്നാല്‍ ഇപ്പോള്‍ ക്വാറന്റൈന് 14 ദിവസമെന്നത് വെട്ടിക്കുറച്ച് 7 ദിവസമാക്കി. 7 ദിവസത്തെ ക്വാറന്റൈന് കഴിഞ്ഞ് രണ്ടുദിവസം പോലും അവധി എടുക്കാതെ ഡ്യൂട്ടിക്ക് എത്തണം. അതുകൊണ്ടുതന്നെ രോഗം പിടിപെട്ടാലും അറിയാന്‍ കഴിയില്ല. ടെസ്റ്റ് നെഗറ്റീവ് ആകുന്നത് മാത്രമാണ് ആശ്വാസം.
ഇപ്പോള്‍ കൊറോണ വാര്‍ഡില്‍ നാലുമണിക്കൂര്‍ ഡ്യൂട്ടി എന്നുള്ളത് എട്ടുമണിക്കൂര്‍ ആക്കി. വാര്‍ഡില്‍ നാലു മണിക്കൂര്‍ പിപിഎ കിറ്റ് ഇട്ടും നാലു മണിക്കൂര്‍ പിപിഎ കിറ്റ് ഇല്ലാതെയുമാണ് ഡ്യൂട്ടി ചെയ്യേണ്ടത്. കിറ്റ് ഇല്ലാതെ വാര്‍ഡിന് വെളിയില്‍ ഡ്യൂട്ടി ചെയ്യുക ദുഷ്കരമാണ്. സ്റ്റാഫുകളില്‍ പലരും പുതിയ ആള്‍ക്കാരാണ്. എക്സ്പീരിയന്‍സ് ഇല്ലാത്തവരെ ഐസിയുവിലേക്ക് നിയോഗിക്കുന്നു. ഇത് ശരിയായ രീതിയിലുള്ള തീരുമാനം അല്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ദിവസവും രോഗികളുടെ എണ്ണം കൂടി വരുന്നു. ഏതുനിമിഷവും രോഗികള്‍ക്ക് അസുഖം മൂര്‍ച്ഛിക്കുകയും ഐസിയുവിലേക്കും അവിടെ നിന്നും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണ്ട അവസ്ഥയില്‍ നഴ്സുമാരുടെ മുന്നില്‍, മറ്റു മാര്‍ഗങ്ങളൊന്നും തന്നെയില്ല.
കഴിയാവുന്ന പ്രതിരോധമാര്‍ഗങ്ങള്‍ ഒക്കെ ഉപയോഗിച്ച് രോഗികളെ പരിചരിക്കുന്നു. ക്രിട്ടിക്കല്‍ കെയര്‍ വാര്‍ഡിലെ അടഞ്ഞു കിടക്കുന്ന മുറിയില്‍ ഏകാന്തവാസമാണ് പലര്‍ക്കും. അത്യാവശ്യം സഹായങ്ങള്‍ വേണ്ടപ്പോള്‍ വിളിച്ചാല്‍ ഒരു സ്റ്റാഫ് പുറത്തുനിന്ന് അകത്തേക്ക് വരും. ഇവിടുത്തെ സ്റ്റാഫുകള്‍ക്ക് മനസ്സില്‍ സദാ സമയം രോഗം പകരല്ലേ എന്ന ഒരേയൊരു പ്രാര്‍ഥന മാത്രം.
വീട്ടില്‍ ചെന്നിട്ടും വീട്ടുകാരോട് അടുത്തിടപഴകാന്‍ ഭയം. അവരെ കൂടെ ആധി പിടിപ്പിക്കണ്ട എന്നു കരുതി ഒറ്റയ്ക്ക് കഴിയുന്നു. രോഗം പകര്‍ന്നാല്‍ അതുണ്ടാക്കാവുന്ന ബുദ്ധിമുട്ടുകള്‍, താന്‍ മൂലം അത് വീട്ടിലേക്കോ നാട്ടിലേക്കോ കോവിഡ് പടരുമോ എന്ന ഭയം അങ്ങനെ മനസ്സ് നിറയെ വിങ്ങലാണ്. മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ഇതൊക്കെ മനസ്സിലാകുമോ എന്നാണ് ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാര്‍ അടക്കമുള്ളവരുടെ സംശയം.
കൊറോണ ഡ്യൂട്ടിക്കിടെ മാനസികമായി തകരുന്ന ഇവരെ മാനസികമായി തകര്‍ക്കരുതെന്ന അപേക്ഷ മാത്രമേ അവര്‍ മെഡിക്കല്‍ കോളേജ് മാനേജമെന്റിനോട് പറയുന്നുള്ളൂ. രോഗികള്‍ കൂടുന്നതിന് അനുസരിച്ച് സ്റ്റാഫുകളുടെ എണ്ണം കൂട്ടി കോവിഡ് ചികിത്സയ്ക്ക് ഉള്ള പ്രൊട്ടോകോള്‍ അനുസരിച്ചു മെഡിക്കല്‍ പ്രൊട്ടക്ഷന്‍ നല്കി ശരിയായ രീതിയില്‍ ജോലി ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണം എന്നാണ് ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി ജീവന് പണയംവച്ച് ജോലി ചെയ്യുന്ന ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: