കരുനാഗപ്പള്ളി: സിപിഎം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിക്കെതിരെ ശക്തമായ ആരോപണമുന്നയിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖ കുലശേഖരപുരത്തെ സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കി.
അന്തരിച്ച പ്രമുഖ നേതാവ് എന്‍. ശ്രീധരന്റ ജന്മസ്ഥലം കൂടിയായ കുലശേഖരം ഏതു വിഷമകാലത്തലും ഇടതുപക്ഷ അടിത്തറയ്ക്ക് കോട്ടം തട്ടാത്ത കേരളത്തിലെ ചുരുക്കം പ്രദേശങ്ങളില്‍ ഒന്നാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ലഘുലേഖ ആരംഭിക്കുന്നത്. പാര്‍ട്ടി മൂല്യങ്ങളില്‍ ഉറച്ചുനിന്ന പ്രവര്‍ത്തിച്ചുവന്ന സി.പി. ഉണ്ണിയുടെ ആകസ്മിക വിടവാങ്ങലാണ് പാര്‍ട്ടിയെ നിലവിലെ കരാളനേതൃത്യത്തിന്റെ കരങ്ങളിലെത്തിച്ചതെന്ന് ലഘുലേഖയില്‍ പറയുന്നു.
ഒരു സഖാവെന്നു വിളിക്കാന്‍ കഴിയാത്ത തരത്തില്‍ ഉള്ള പ്രവൃത്തികളാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. ഉണ്ണിയുടെ ഭാഗത്തു നിന്നും ഉണ്ടായിക്കെണ്ടിരിക്കുന്നത്. രണ്ട് സമ്മേളന കാലയളവുകളിലെ വരവുചെലവ് കണക്കുകള്‍ എല്‍സിയില്‍ അവതരിപ്പിച്ചിട്ടില്ലെന്നും ലോക്കല്‍ കമ്മിറ്റി ഓഫീസിനായി പാര്‍ട്ടി മെംബറുടെ വസ്തു ഈടില്‍ സഹകരണസംഘത്തില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കുന്നില്ലെന്നും സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ടിക്ടോക്ക് ചിത്രീകരണവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നതെന്നും ലഘുലേഖയില്‍ ആരോപിക്കുന്നു.
എന്എസിന്റ ജന്മനാടായ കുലശേഖരപുരത്ത് അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ഒരു ഗ്രന്ഥശാല നിര്‍മിക്കുന്നതിനായി എന്‍എസിന്റെ ഭാര്യ പാര്‍ട്ടിക്ക് നല്കിയ വസ്തുവില്‍ കുറച്ചുഭാഗം പാര്‍ട്ടി അറിയാതെ വിറ്റതുമായി ബന്ധപ്പെട്ട് സെക്രട്ടറിക്കെതിരെ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നതിനിടെയാണ് വസ്തു തിരികെ നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വസ്തുഉടമ പാര്‍ട്ടിക്ക് കത്ത് നല്‍കിയിരിക്കുന്നത്.
നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയില്‍ പല പ്രമുഖരും സ്ത്രീ വിഷയങ്ങളിലും മദ്യപാന ആരോപണങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ഇത്തരത്തില്‍ നിരവധി ആരോപണങ്ങളാണ് ലഘുലേഖയില്‍ പ്രതിപാദിക്കുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഏരിയാ കമ്മിറ്റിയും കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന ജില്ലാ കമ്മിറ്റി അംഗവും സ്വീകരിക്കുന്നതെന്നും അണികള്‍ക്കിടയില്‍ സംസാരമുണ്ട്. അടുത്തു വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ പോലും ഇത് ബാധിക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.
ഇതിനിടെ ഇന്നലെ കൂടിയ ഏരിയ കമ്മിറ്റിയില്‍ കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തതായും എന്‍എസ് സ്മാരകത്തിനു നല്കിയ ആറു സെന്റില്‍ പത്തുലക്ഷം രൂപയ്ക്കു വിറ്റ മൂന്നുസെന്റ് തിരികെ വാങ്ങി നല്‍കണമെന്നും പാര്‍ട്ടി ഭാരവാഹികളുടെ രാത്രികാല മദ്യസല്ക്കാരങ്ങള്ക്കെതിരെ താക്കീതു നല്‍കിയതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: