ന്യൂദല്‍ഹി: വരും നാളുകളില്‍ ഇന്ത്യ സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ സമ്പദ് വ്യവസ്ഥയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് വാര്‍ഷികസമ്മേളനത്തില്‍ രാജ്യത്തെ വ്യവസായലോകത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നിര്‍ണായകവും തന്ത്രപ്രധാനവുമായ മേഖലകളില്‍ മറ്റാരെയും ആശ്രയിക്കാതെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിച്ച് മുന്നോട്ട് പോകുന്ന രാജ്യമാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഒരു കൈകൊണ്ട് വൈറസിനെതിരായ യുദ്ധം ചെയ്യുകയും മറുകൈ ഉപയോഗിച്ച് സമ്പദ് രംഗത്തെ സംരക്ഷിക്കുകയുമാണ് നാം ചെയ്യേണ്ടത്. നമ്മുടെ പൗരന്മാരുടെ ജീവന് രക്ഷിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ സാമ്പത്തികരംഗത്തിന്റെ വളര്‍ച്ചാ വേഗത ഉയര്‍ത്തേണ്ടതുമുണ്ട്, മോദി തുടര്‍ന്നു.
നാം തീര്‍ച്ചയായും നമ്മുടെ വളര്‍ച്ച തിരികെ പിടിക്കും. നമ്മുടെ കര്‍ഷകരും ചെറുകിട ബിസിനസുകാരും സംരംഭകരും ഈ നേട്ടത്തിന് സഹായിക്കുമെന്നുറപ്പാണ്. സ്വകാര്യ സംരംഭകര്‍ക്ക് അനുകൂലമായ ഒരു അന്തരീക്ഷം ഒരുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം, പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് രംഗം ശക്തിപ്പെടുത്തുകയെന്നതാണ് സര്‍ക്കാരിന്റെ പ്രധാന പരിഗണനാ വിഷയം. മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സ്വീകരിച്ച നടപടികളോരോന്നും രാജ്യത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായിക്കും, മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: