Categories: Samskriti

ശിശുപരിപാലനം ആയുര്‍വേദത്തില്‍

ശിശുപരിപാലനം, പെറ്റമ്മയ്ക്ക് അല്ലെങ്കില്‍ പോറ്റമ്മയ്ക്കു വേണ്ട ഗുണങ്ങള്‍ ഇവയെല്ലാം കൗമാരഭൃത്യത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മുലപ്പാലിന്റെ അതല്ലെങ്കില്‍ ആട്ടിന്‍പാലിന്റെയും പശുവിന്‍ പാലിന്റെയും ദുഷ്ടി കൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍, അവയുടെ ശുദ്ധിക്കായുള്ള പ്രതിവിധികള്‍, ഇവയൊക്കെ കുമാരഭൃത്യത്തിന്റെ അനുബന്ധശാഖകളില്‍ കാണാം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലോകത്തിലെ ഏറ്റവും പ്രാചീനമായ  വൈദ്യശാസ്ത്രമാണ് ആയുര്‍വേദം. ചികിത്സാശാസ്ത്രം എന്നതിനപ്പുറം സമഗ്രമായൊരു ജീവിതരീതികൂടിയാണത്. എട്ടുശാഖകളുണ്ട് ആയുര്‍വേദത്തിന്.  ആദ്യത്തേത് കായ ചികിത്സ അഥവാ ജനറല്‍ മെഡിസിന്‍. രണ്ടാമത്തേതാണ് ബാലചികിത്സ അഥവാ കൗമാരഭൃത്യം (pediatrics).

ശിശുപരിപാലനം, പെറ്റമ്മയ്‌ക്ക് അല്ലെങ്കില്‍ പോറ്റമ്മയ്‌ക്കു വേണ്ട ഗുണങ്ങള്‍ ഇവയെല്ലാം കൗമാരഭൃത്യത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മുലപ്പാലിന്റെ അതല്ലെങ്കില്‍ ആട്ടിന്‍പാലിന്റെയും പശുവിന്‍ പാലിന്റെയും ദുഷ്ടി കൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍, അവയുടെ ശുദ്ധിക്കായുള്ള പ്രതിവിധികള്‍, ഇവയൊക്കെ കുമാരഭൃത്യത്തിന്റെ അനുബന്ധശാഖകളില്‍ കാണാം.

വിരുദ്ധാഹാരം വര്‍ജ്യം  

ഗര്‍ഭാവസ്ഥയില്‍ മാതാവ് പോഷകമൂല്യമുള്ള ആഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. ശിശുക്കള്‍ക്ക് ഏറ്റവും ഉത്തമമായ ആഹാരം മുലപ്പാലാണ്. ദുഃഖം, കോപം, ഉപവാസം, കഠിനമായ ശാരീരികാധ്വാനം തുടങ്ങിയ ശാരീരികമാനസികാവസ്ഥകള്‍  അമ്മമാരില്‍ മുലപ്പാല്‍ കുറയാന്‍ കാരണമാകുന്നു. കരിമ്പിന്‍നീരുകൊണ്ടുണ്ടാക്കുന്ന മദ്യം, അടപതിയന്‍ കിഴങ്ങ്, ശതാവരിക്കിഴങ്ങ്, പാലുള്ള ഔഷധങ്ങള്‍, മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ കൂടാതെ പുത്രസ്പര്‍ശവും മുലപ്പാല്‍ വര്‍ധിക്കാന്‍ സഹായകമാകുന്നു. എന്നാല്‍ അമ്മമാര്‍ ശീലിക്കുന്ന വിരുദ്ധാഹാരം, ദുഷിച്ച ആഹാരം ഇവയാലുള്ള ആലസ്യത്താല്‍ മുലപ്പാല്‍ ദുഷിക്കാനിടവരും. മുലപ്പാല്‍ ഇല്ലാതെ വരുമ്പോള്‍ പശുവിന്‍ പാലോ, ആട്ടിന്‍പാലോ കുഞ്ഞിനു നല്‍കാം. മുത്തങ്ങക്കിഴങ്ങ് മൊരി കളഞ്ഞ് ചതച്ച് കിഴികെട്ടിയത് ഇട്ടു കാച്ചിയ പാലും ചെറിയ പഞ്ചമൂലം ചേര്‍ത്തു കാച്ചിയ പാലും കുട്ടികള്‍ക്ക് അഭികാമ്യമാണ്. കുട്ടികളിലെ ദഹനപ്രക്രിയ സുഗമമാകാന്‍ തേങ്ങാപ്പാലും ഉത്തമം.

കുട്ടികള്‍ക്ക് ആദ്യമായി നല്‍കാവുന്ന ഖരാഹാരപദാര്‍ഥങ്ങളാണ് കൂരവും (റാഗി) നേന്ത്രക്കായ് പൊടിച്ചതും. ഇവയില്‍ ചേര്‍ക്കാന്‍ മധുരത്തിന് പഞ്ചസാരയേക്കാള്‍ നല്ലത് കരുപ്പെട്ടിയും പനങ്കല്‍ക്കണ്ടവുമാണ്. കുട്ടികള്‍ക്ക് ‘ടിന്‍ഫുഡ്’ കഴിവതും ഒഴിവാക്കണം.  

ശുചിത്വം പ്രധാനം

കുട്ടികളുടെ വിരിപ്പും പുതപ്പും വസ്ത്രങ്ങളുമെല്ലാം ഏറെ വൃത്തിയോടെ സൂക്ഷിക്കണം. നനവില്ലാത്ത മൃദുവായ വസ്ത്രങ്ങളും തുണികളും കടുക്, വയമ്പ് തുടങ്ങിയ വസ്തുക്കളുടെ  പുകയേല്‍പ്പിച്ച് അണുവിമുക്തമാക്കാം. അവരുടെ തലയിലും ദേഹത്തും തേയ്‌ക്കാന്‍ ഔഷധഗുണമേറിയ ഉരുക്കുവെളിച്ചെണ്ണ ഉപയോഗിക്കുക. ഇതുവഴി ത്വഗ്‌രോഗങ്ങളെ അകറ്റി നിര്‍ത്താം. അഷ്ടാംഗ ഹൃദയത്തില്‍ പറയുന്ന ലാക്ഷാദി വെളിച്ചെണ്ണയും നല്ലതാണ്. ശരീരബലം വര്‍ധിക്കും. ജ്വരം, ശോഷം, ശ്വാസം, കാസം ഇവയെ അകറ്റി നിര്‍ത്തും. മാനസികപ്രശ്‌നങ്ങളെ ശമിപ്പിക്കും.

നാല്‍പാമരാദി തോല്‍, അല്ലെങ്കില്‍ രക്തചന്ദന ചൂര്‍ണം എന്നിവ ചേര്‍ത്തു ചൂടാക്കിയ വെള്ളത്തില്‍ കുട്ടികളെ കുളിപ്പിക്കുക. രജന്യാദി (ബാലാഷ്ടകം) ചൂര്‍ണം ഉചിതമായ മാത്രയില്‍ തേനിലോ, നെയ്യിലോ ചേര്‍ത്തു നല്‍കിയാല്‍ കുട്ടികള്‍ക്ക് നല്ല വിശപ്പുണ്ടാകും. അതിസാരം, വിളര്‍ച്ച, പനി, കാമില എന്നിവയെ അകറ്റി നിര്‍ത്തും. കുട്ടികളെ ഒരിക്കലും ഭയപ്പെടുത്തരുത്.

രോഗലക്ഷണങ്ങള്‍  

അസുഖങ്ങള്‍ വരുമ്പോള്‍ കുട്ടികള്‍ കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. തലവേദനയുണ്ടായാല്‍ തല കൂടുതല്‍ ചലിപ്പിച്ചു കൊണ്ടിരിക്കും. കണ്ണടച്ചു കിടക്കും. രാത്രിയില്‍ ഉറക്കം വരുമ്പോഴെല്ലാം  നിലവിളിച്ചുകൊണ്ടിരിക്കും. കൈകള്‍ കൊണ്ട് രണ്ട് ചെവിയിലും തൊടുന്നത് ചെവിവേദനയുടെ ലക്ഷണമാണ്. വായില്‍ അസുഖം വരുമ്പോള്‍ വായില്‍ നിന്ന് വെള്ളമൊലിച്ചു കൊണ്ടിരിക്കുന്നതു കാണാം. കടുകു രോഹിണി അരച്ച്  

പാലുകാച്ചി കൊടുത്താല്‍ കുട്ടികളിലെ എല്ലാവിധ ജ്വരങ്ങളും ശമിക്കും. കടുക് രോഹിണി അരച്ച് മുലമേല്‍ തേച്ച്  

പാലുകൊടുത്താലും ജ്വരം മാറും. വെളുത്താവണക്കിന്‍ വേര് ചാണമേല്‍ അരച്ച് വെണ്ണയില്‍ ചാലിച്ചു കൊടുത്താല്‍ മലബന്ധം മാറും. ഒരു വയസ്സു മുതല്‍ അഞ്ചു വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ ശക്തമായ മലബന്ധം കാണാറുണ്ട്. അതുമാറാന്‍ ഏരണ്ഡസുകുമാരം പ്രായമനുസരിച്ച് അഞ്ചുതുള്ളി മുതല്‍ ഒന്നോരണ്ടോ മില്ലി വരെ 30 മില്ലി പാലില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.

ഇടയ്‌ക്കിടെയുണ്ടാവുന്ന പനിയും ചുമയും ജലദോഷവും മാറി കുട്ടികളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇന്ദുകാന്തഘൃതം പതിവായി നല്‍കുന്നത് നല്ലതാണ്. പ്രായമനുസരിച്ചു വേണം ഇതിന്റെ മാത്ര നിശ്ചയിക്കാന്‍.  

മഴക്കാലത്ത് ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്നതിനാല്‍ അഗ്നിമാന്ദ്യം കൊണ്ട് പലവിധ രോഗങ്ങളുണ്ടാകാം. ഈയവസ്ഥയില്‍ പുളിച്ചതും ദഹിക്കാന്‍ പ്രയാസമുള്ളതുമായ ആഹാരങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രമിക്കണം. അതേസമയം കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന കഠിനമായ രോഗങ്ങളില്‍ വൈദ്യനിര്‍ദേശം അനുസരിച്ചു മാത്രമേ ചികിത്സിക്കാവൂ.

ഡോ. എസ്.ശശിധരന്‍ നായര്‍

(ചെറുതുരുത്തിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആയുര്‍വേദയില്‍ റിസര്‍ച്ച് ഓഫീസറായിരുന്നു ലേഖകന്‍).

Recent Posts