മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ ഇസ്ലാമിക മത തീവ്രവാദികള്‍ കുത്തിക്കൊലപ്പെടുത്തിയിട്ട് ഇന്ന് രണ്ടാണ്ട്. ഇസ്ലാമിക ഭീകരവാദത്തോട് സിപിഎം സന്ധി ചെയ്തതിന്റെ ഒരിക്കലും മായാത്ത അടയാളം കൂടിയാണ് സംഭവം. 2018 ജൂലെ രണ്ടിന് പുലര്‍ച്ചെ 12.45നാണ് എറണാകുളം മഹാരാജാസ് കോളേജിന് പിന്നിലെ പാതയില്‍ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് തീവ്രവാദി സംഘം എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായിരുന്ന അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്.
ഞാന്‍ പെറ്റ മകനേ എന്ന അഭിമന്യുവിന്റെ അമ്മയുടെ ഹൃദയം പൊട്ടിയ നിലവിളിയുടെ അലയൊലികള്‍ ഇന്നും ഒടുങ്ങിയിട്ടില്ല. സ്വന്തം പ്രവര്‍ത്തകന്റെ ചോരയില്‍ ചവുട്ടിനിന്ന്് ഇസ്ലാമിക ഭീകരവാദത്തിന് മുന്നില്‍ ഒത്തുതീര്‍പ്പിന് തയാറായ സിപിഎമ്മിന്റെ നടപടി പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിയിട്ടിരുന്നു. സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന സൈമണ്‍ ബ്രിട്ടോ ഉള്‍പ്പെടെയുള്ളവര്‍ ഇസ്ലാമിക ഭീകരവാദികളോടുള്ള പാര്‍ട്ടിയുടെ മൃദു സമീപനത്തിനെതിരെ ശബ്ദമുയര്‍ത്തിയതും അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്നായിരുന്നു. ഇസ്ലാമിക ഭീകരതയെ തുറന്ന കാട്ടിയില്ലെന്നു മാത്രമല്ല, തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി സന്ധിക്ക് തയ്യാറാവുകയും ചെയ്തു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്തിട്ടും അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടാന്‍ കഴിയാതിരുന്നത് സിപിഎമ്മിനുള്ളിലും ചര്‍ച്ചയായി.
പതിനാറ് പ്രതികളില്‍ പകുതിപേരും കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മറ്റുള്ളവരെ പിടികുടി പോലീസില്‍ ഏല്‍പ്പിച്ചതാകട്ടെ നാട്ടുകാരും. മുഖ്യ പ്രതി സഹല്‍ കഴിഞ്ഞാഴ്ചയാണ് കോടതിയില്‍ കീഴടങ്ങിയത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെപ്പോലും നിയോഗിച്ചിരുന്നില്ല. കേസിന്റെ പ്രാരംഭ വിചാരണ അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തില്‍ ആരംഭിച്ചിരുന്നു. വട്ടവടയിലെ തോട്ടം തൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകന് അവരുടെ മാത്രമല്ല, ആ നാടിന്റെയാകെ പ്രതീക്ഷയായിരുന്നു. ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെ, ഒറ്റമുറിവീട്ടിലെ സാധുകുടുംബത്തിന്റെ പ്രതീക്ഷകള്‍ നെഞ്ചേറ്റിയാണ് അവന് രസതന്ത്ര ബിരുദ പഠനത്തിന് മഹാരാജാസിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: