ദുബായ്: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്മാന് ശശാങ്ക് മനോഹര്‍ സ്ഥാനം ഒഴിഞ്ഞു. ചെയര്‍മാനായി രണ്ട് ടേം പൂര്‍ത്തിയാക്കിയശേഷമാണ് സ്ഥാനമൊഴിയുന്നത്. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത് വരെ ഡെപ്യൂട്ടി ചെയര്മാന് ഇമ്രാന് ഖവാജ ചെയര്‍മാന്റെ ചുമതലകള്‍ നിര്‍വഹിക്കും.
പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഐസിസി ബോര്‍ഡ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് തവണ ഐസിസി ചെയര്‍മാനായിരിക്കെ ശശാങ്ക് മനോഹര്‍ ക്രിക്കറ്റിന് നല്കിയ സംഭാവനകള്‍ക്ക് ഐസിസി ചീഫ് എക്സിക്യൂട്ടീവ് മനു സാഹ്നി നന്ദി രേഖപ്പെടുത്തി.
പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് ഇഷാന് മാണി, ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് കോളിന് ഗ്രേവ്സ് എന്നിവരാണ് ഐസിസി ചെയര്‍മാനാകാന്‍ രംഗത്തുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ്് കണ്ട്രോള് ബോര്‍ഡ് അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: