ന്യൂദല്‍ഹി: ഇന്ത്യയില്‍ നിരോധനം നേരിട്ടതോടെ ടിക് ടോക്കിന് 45,297 കോടി രൂപയുടെ നഷ്ടം. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം വ്യക്തമായത്. ഇന്ത്യയില്‍ 600 മില്യണ്‍ ഉപയോക്താക്കള്‍ ഉണ്ടായിരുന്നുവെന്നും ലോകത്ത് ആകെയുള്ള ഉപയോക്താക്കളില്‍ 30 ശതമാനത്തോളം ഇന്ത്യക്കാരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഡിജിറ്റല്‍ സ്ട്രൈക് തുടങ്ങിയ നരേന്ദ്ര മോദി സര്‍ക്കാര്‍ കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ്. രാജ്യത്തെ ദേശീയപാതാ പദ്ധതികളില്‍ നിന്ന് ചൈനീസ് കമ്പനികളെ പുറത്താക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചൈനീസ് കമ്പനികളെ ഒഴിവാക്കാന്‍ 4ജി നവീകരണ കരാറുകള്‍ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും റദ്ദാക്കി. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് നല്കിയ കടുത്ത സന്ദേശമായി.
ചൈനീസ് കമ്പനികളെയും സംയുക്ത സംരംഭങ്ങളെയും അടക്കം ദേശീയപാതാ പദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി അറിയിച്ചു. റോഡ് നിര്‍മ്മാണത്തില്‍ ചൈനീസ് കമ്പനികളുടെ സഹകരണം പോലും അനുവദിക്കില്ല. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലകളിലും ചൈനീസ് കമ്പനികളെ ഒഴിവാക്കും. ഇതെല്ലാം കര്‍ശനമായി നടപ്പാക്കും, ഗഡ്ക്കരി അറിയിച്ചു.
വളരെ നേരത്തെ മുതല്‍ ചില ചൈനീസ് കമ്പനികള്‍ സഹകരിക്കുന്ന റോഡ് പദ്ധതികള്‍ മാത്രമാണ് രാജ്യത്ത് നടക്കുന്നത്. പുതിയ തീരുമാനം ഭാവിയിലെ ടെണ്ടറുകളെയും നിര്‍മ്മാണ കരാറുകളെയുമാണ് ബാധിക്കുക. വലിയ പദ്ധതികള്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് ലഭിക്കാന്‍ ഇളവുകള്‍ നല്കാന് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്ര ഗതാഗത സെക്രട്ടറിക്കും ദേശീയപാതാ അതോറിറ്റി ചെയര്‍മാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു ചെറിയ പദ്ധതിക്കായി അംഗീകാരം ലഭിച്ച ഒരു കരാറുകാരന് വന്‍കിട പദ്ധതികള്‍ക്കും അപേക്ഷിക്കാമെന്ന തീരുമാനവും നടപ്പാക്കും. ഇതുവഴി നൂറുകണക്കിന് ഇന്ത്യന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാനാവും. സാങ്കേതികവിദ്യ, കണ്‍സള്‍ട്ടന്‍സി, ഡിസൈന്‍ എന്നീ മേഖലകളില്‍ വിദേശകമ്പനികളെ അനുവദിക്കുമ്പോള്‍ പോലും ചൈനീസ് കമ്പനികളെ ഒഴിവാക്കുമെന്നും ഗഡ്ക്കരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: