കൊച്ചി: രാജ്യ സുരക്ഷയും താല്‍പ്പര്യവും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റില്‍ വന്‍ കുതിപ്പ്. മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡാണ് പ്ലാറ്റ്‌ഫോമിന് ലഭിക്കുന്നത്. നിരോധനം പ്രഖ്യാപിച്ചതിനു ശേഷം 1.50 കോടി ഡൗണ്‍ലോഡ് നടന്നു.
ആളുകള്‍ ഷെയര്‍ചാറ്റ് തെരയുന്നതും ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ആയി ഷെയര്‍ചാറ്റിനെ തെരഞ്ഞെടുക്കുന്നതിനും സാക്ഷ്യം വഹിക്കുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്ന് ഷെയര്‍ചാറ്റ് സിഒഒയും സഹ സ്ഥാപകനുമായ ഫരീദ് ആഹ്‌സാന്‍ പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ മുന്നിലെത്തുന്നതിന് പിന്തുണ നല്‍കിയതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും ഷെയര്‍ചാറ്റിന്റെ മറ്റൊരു വിജയത്തിന് ഇത് നല്ലൊരു അടിത്തറയാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് ഒരു ലക്ഷത്തിലധികം പോസ്റ്റുകള്‍ പ്ലാറ്റ്‌ഫോമില്‍ വന്നു കഴിഞ്ഞു. പോസ്റ്റുകള്‍ക്ക് 10 ലക്ഷം പേരുടെ ലൈക്കും വാട്ട്‌സ്ആപ്പില്‍ അഞ്ചു ലക്ഷം പേരുടെ ഷെയറും ഇതിനകം ലഭിച്ചു. ഇതിനിടെ മൈ ഗവ് ഇന്ത്യ ഷെയര്‍ചാറ്റുമായി സഹകരിക്കുകയാണെന്ന പ്രഖ്യാപനവും ഉണ്ടായി. ഇതോടെ മൈഗവ് ഇന്ത്യയ്‌ക്ക് ഇനി പ്ലാറ്റ്‌ഫോമില്‍ 15 ഇന്ത്യന്‍ ഭാഷകളിലായി ആറു കോടി സജീവ ഉപയോക്താക്കളുമായി കണക്റ്റ് ചെയ്യാനാകും.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് വിപ്ലവത്തിന് നേതൃത്വം നല്‍കുന്ന ഷെയര്‍ചാറ്റ് അടുത്ത നൂറു കോടി ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് സംവേദന രീതി തന്നെ മാറ്റുകയാണ്. 100 കോടിയിലധികം വാട്ട്‌സ്ആപ്പ് ഷെയറുകളുമായി ഇന്ന് ഉപയോക്താക്കള്‍ ദിവസവും 25 മിനിറ്റെങ്കിലും പ്ലാറ്റ്‌ഫോമില്‍ ചെലവിടുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഷെയര്‍ചാറ്റിന് 15 ഇന്ത്യന്‍ ഭാഷകളിലായി 15 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും ആറു കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: