കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണു. ഇന്നു വൈകിട്ടായിരുന്നു സംഭവം. തുടര്‍ന്ന് ഇദേഹത്തെ കാഠ്മണ്ഡുവിലെ സഹിദ് ഗംഗാതാല്‍ നാഷണല്‍ ഹാര്‍ട്ട് സെന്റര്‍ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. ഒലിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യക്കെതിരെ നിലപാട് സ്വീകരിച്ച ശര്‍മ്മ ഒലി രാജിവെയ്ക്കണമെന്ന് നേപ്പാളിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പികയും ചെയ്തിരുന്നു.
അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നതായി ശര്‍മ ഒലി പറഞ്ഞിരുന്നു. ന്യൂദല്‍ഹിയും കാഠ്മണ്ഡുവും കേന്ദ്രീകരിച്ച് തന്നെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ച് ഇതിനായി നിരന്തരം യോഗങ്ങള്‍ നടക്കുന്നു. ഒരു മാപ്പ് പ്രിന്റ് ചെയ്തതിന്റെ പേരില്‍ ഒരു പ്രധാനമന്ത്രിയെ പുറത്താക്കേണ്ടതുണ്ടോ, കെ.പി. ശര്‍മ ഒലി കാഠ്ണ്ഡുവിലെ ഔദ്യോഗിക വസതിയില്‍ മാധ്യമങ്ങളോട് ചോദിച്ചു.
നേപ്പാള്‍ പ്രധാനമന്ത്രി പദം കെ.പി. ഒലി രാജിവെയ്ക്കണമെന്ന് ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ പ്രചണ്ഡയാണ് ഒലിക്കെതിരെ രംഗത്തെത്തിയത്. ഒലി വലിയ പരാജയമാണെന്നും പിന്തുണച്ചത് രാഷ്ട്രീയ വിഡ്ഢിത്തമാണന്നുമായിരുന്നു പ്രചണ്ഡയുടെ നിലപാട്. അഴിമതി നിറഞ്ഞ ഒലി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വലിയ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളും പ്രചണ്ഡയ്ക്ക് പിന്തുണ നല്കുന്നു. ഇതിനെല്ലാം പിന്നില്‍ ഇന്ത്യയാണെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ആരോപണം. കാഠ്മണ്ഡുവിലെ ചൈനീസ് അംബാസിഡറുടെ സ്വാധീനത്തിന് വഴങ്ങി ഇന്ത്യയുമായി കെ.പി. ഒലി സര്‍ക്കാര്‍ അതിര്‍ത്തി തര്‍ക്കത്തിന് തുടക്കമിട്ടതാണ് ഒലിക്ക് വിനയായത്.
നേപ്പാളിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഇതില്‍ അതൃപ്തരാണ്. നൂറ്റാണ്ടുകളായി ഒരുമിച്ച് കിടക്കുന്ന ഇന്ത്യയോട് ചൈനയുടെ നിര്‍ദേശ പ്രകാരം അനാവശ്യ അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത് നേപ്പാളിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും കരുതുന്നത്. ഇതിന് പിന്നാലെയാണ് വടക്കന്‍ നേപ്പാളിലെ നാല് ജില്ലകളിലെ നൂറു ചതുരശ്ര കിലോമീറ്ററോളം പ്രദേശം ചൈന കൈയേറിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. നേപ്പാള്‍ സര്‍ക്കാരിനെയാകെ പ്രതിസന്ധിയിലാക്കിയ ഈ സംഭവത്തോടെയാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഭിന്നത ശക്തമായത്. നേപ്പാളിന്റെ ഭൂമി ചൈനയ്ക്ക് ഒലി സര്‍ക്കാര്‍ വെറുതെ കൊടുക്കുകയാണെന്നാണ് ആക്ഷേപം. പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിനെതിരായ നീക്കം ശക്തമാക്കിയതോടെ രാജിവച്ച് ഒഴിയേണ്ട അവസ്ഥയിലാണ് കെ.പി. ശര്‍മ ഒലി സര്‍ക്കാര്‍. രാജിക്കായുള്ള സമ്മര്‍ദം രൂക്ഷമായപ്പോഴാണ് ഒലിക്ക് നെഞ്ചുവേദന വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: