പേട്ട: കരിക്കകത്ത് കൊറോണ നിയന്ത്രണങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കുന്നു. പൊതുജനങ്ങൾക്ക് ആവശ്യസാധനങ്ങൾ പോലും വാങ്ങാൻ അനുവദിക്കാത്ത പോലീസ് നിയന്ത്രണങ്ങളാണ് തുടരുന്നത്. മെഡിക്കൽകോളേജ് സെക്യൂരിറ്റി ജീവനക്കാരന് കൊറോണ ബാധിച്ചതിന്റെ പേരിലാണ് കരിക്കകം പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണാക്കി മാറ്റിയത്. ഏഴ് ദിവസം പിന്നിട്ടിട്ടും നിയന്ത്രണങ്ങൾക്ക് അയവുവരുത്താൻ അധികൃതർ തയാറായിട്ടില്ല. കരിക്കകം ക്ഷേത്രചുറ്റുപാടുകൾ കേന്ദ്രീകരിച്ചാണ് രോഗിയുടെ സമ്പർക്കമായിരുന്നെങ്കിലും നിയന്ത്രണത്തിൽ കരിക്കകത്തേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകൾ വെച്ച് അടച്ചു.
പ്രദേശവാസികൾക്ക് അവശ്യസാധനങ്ങൾ പോലും വാങ്ങിക്കാൻ കഴിയാത്തവിധത്തിലാണ് ഇവിടെ നിയന്ത്രണം. മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി കരിക്കകം പ്രദേശത്ത് മരുന്നുകൾ, പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വാങ്ങുന്നതിന് പാർവതീപുത്തനാർ കടന്ന് പുറത്തുപോകണം. എന്നാൽ ആരും പുറത്തേക്ക് പോകാത്തവിധമാണ് നിയന്ത്രണങ്ങൾ.
ആരെങ്കിലും അത്യാവശ്യ കാര്യം അറിയിച്ചാൽ അവരെ ഫോട്ടോയെടുക്കും കേസെടുക്കുമെന്നുള്ള പോലീസിന്റെ ഭീഷണിയാണുള്ളത്. ആശുപത്രിയിൽ ചികിത്സയ്‌ക്കായി പോയ സ്ത്രീകൾക്ക് വരെ പോലീസിന്റെ ഭീഷണിയുണ്ടായി.
സർക്കാർ, സ്വകാര്യസ്ഥാപന ജീവനക്കാർ തുടങ്ങി മാധ്യമപ്രവർത്തകർ വരെ ഇത്തരം ഭീഷണി നേരിടുകയാണ്. വാർഡിൽ താമസിക്കുന്നവർ മഹാപാതകം ചെയ്ത തരത്തിലാണ് പോലീസിന്റെ രീതി. പുറത്ത് പോയിട്ട് തിരിച്ച് വരുന്നതിന് വലിയ കടമ്പ കടക്കേണ്ട അവസ്ഥയാണ്.
ഒരാൾ മാത്രമാണ് രോഗബാധിതനായിട്ടുള്ളത്. ഇയാളുമായി സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോയെന്നത് ഇതുവരെ ആരോഗ്യവകുപ്പിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരന് രോഗം സ്ഥിരീകരിച്ച ദിവസം ഇയാളുമായി അടുത്തസമ്പർക്കം പുലർത്തിയ ഒമ്പതു പേരെ പരിശോധനയ്‌ക്ക് വിധേയമാക്കിയെങ്കിലും ഫലം നെഗറ്റീവാണ്. തുടർന്ന് സംശയാസ്പദമായ നിലയിൽ പരിശോധന നടത്തിയ 125 പേർക്കും ഫലം നെഗറ്റീവാണ്.
ഈ സാഹചര്യത്തിലാണ് കർശനനിയന്ത്രണം തുടരുന്നത്. എന്നാൽ പരിശോധനാഫലം ഇനിയും വരാനുണ്ടെന്നാണ് ഇതുസംബന്ധിച്ച് മന്ത്രി കടകംപളളി സുരേന്ദ്രൻ പറയുന്നത്. നിയന്ത്രണങ്ങൾ തുടങ്ങി ഏഴ് ദിവസം പിന്നിട്ടിട്ടും പരിശോധനാഫലം പുറത്ത് വരാത്തത് ആരോഗ്യവകുപ്പിന്റെ കഴിവുകേടാണെന്ന് വിമർശനമുയരുന്നു.
നിയന്ത്രണങ്ങൾ വന്നതോടെ വാർഡിലെ 2500 ഓളം കുടുംബങ്ങൾ പട്ടിണിയിലാണെന്നും അടിയന്തരമായി നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി എസ്. ശിവലാൽ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: