തൃശൂര്‍: കഠിനാധ്വാനത്തിലൂടെ സമ്പാദിച്ചതില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ച് വയോധിക ദമ്പതികള്‍ രചിക്കുന്നത് ജീവകാരുണ്യ ചരിത്രത്തിലെ പുത്തന്‍ അധ്യായം. അവണൂര്‍ പഞ്ചായത്തിലെ തങ്ങാലൂര്‍ കൊരട്ടി വീട്ടില്‍ വര്‍ഗീസ് (80), ഫിലോമിന (80) ദമ്പതികളാണ് വേറിട്ട വ്യക്തിത്വങ്ങളാവുന്നത്.
തങ്ങാലൂര്‍ വലിയ പള്ളി പരിസരത്തെ നിര്‍മാണം പുരോഗമിക്കുന്ന 5 വീടുകള്‍ക്കു മുന്നില്‍ സ്ഥാപിച്ച ബോര്‍ഡിലെ വാക്കുകള്‍ ഇങ്ങനെയാണ് ‘പറഞ്ഞാല്‍ വിശ്വസിക്കാനാകാത്ത ഒരു പ്രവര്‍ത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു’. ബൈബിള്‍ വചനങ്ങളായ ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ഈ ദമ്പതികള്‍. മിലിട്ടറിയില്‍ ഡ്രൈവറായിരുന്നു വര്‍ഗീസ്. ഫിലോമിനതിരൂര് സെന്റ് തോമസ് സ്കൂളിലെ അധ്യാപിക. നാല് മക്കളാണ് ദമ്പതികള്‍ക്ക് സമ്പാദ്യത്തില്‍ നിന്ന് മിച്ചം വെച്ച് വാങ്ങിയ 25 സെന്റ് സ്ഥലം വര്‍ഗീസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുകയായിരുന്നു.
വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചത് മുതല്‍ തന്റെ സ്വപ്ന പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ആലോചനയിലായിരുന്നു വര്‍ഗീസ്. ഭാര്യയോടും കുടുംബത്തോടും ആശയം പറഞ്ഞപ്പോള്‍ അവര്‍ക്ക് സമ്മതം നൂറ് വട്ടം. അങ്ങനെ 15 സെന്റ് ഭൂമിയില്‍ 5 വീടുകള്‍ നിര്‍മ്മിച്ച് സമൂഹത്തിലെ ഏറ്റവും നിര്‍ധനരായ കുടും ബങ്ങള്‍ക്ക് നല്കാന് തീരുമാനമെടുത്തത്. അഞ്ച് വീടുകളുടെ പണി അന്തിമഘട്ടത്തിലാണ്. 600 സ്ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന ഓരോ വീടിനും 7 ലക്ഷം രൂപയോളം ചെലവു വരും. ആകെ 35 ലക്ഷം രൂപയോളം ചിലവഴിച്ചാണ് വേറിട്ട പ്രവര്‍ത്തനം നടത്തുന്നത്.
കുടിവെള്ളമുള്‍പ്പടെയുള്ള സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. അര്‍ഹരായ നിര്‍ധന കുടുംബങ്ങളെ കണ്ടെത്തിയതും വര്‍ഗീസായിരുന്നു. ആഗ. 15ന് സാഹോദര്യത്തിന്റെ സന്ദേശമൊരുക്കി കൈമാറും. ജില്ലാ കളക്ടറെ ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നതാണ് വയോധിക ദമ്പതികളുടെ സ്വപ്നം. വീടുകള്‍ സ്ഥിതി ചെയ്യുന്ന 25 സെന്റില്‍ ബാക്കിയുള്ള 10 സെന്റ് സ്ഥലവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: