ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹിയില്‍ കൈക്കൊണ്ട നടപടികള്‍ക്ക് ഫലം കാണുന്നു. ജൂണ്‍ ആദ്യ ആഴ്ചകളില്‍ നിന്ന് അവസാനമെത്തുമ്പോഴേക്കും വൈറസ് വ്യാപന നരിക്ക് കുറയുന്നു.
ജൂണ്‍ രണ്ടാം വാരത്തില്‍ ദല്‍ഹിയിലെ വൈറസ് വ്യാപന നിരക്ക് 31 ശതമാനമായിരുന്നു. എന്നാല്‍, 22 മുതല്‍ 28 വരെയുള്ള കണക്കെടുത്താല്‍ ഇത് 18 ശതമാനമായി കുറഞ്ഞു. രോഗമുക്തിനിരക്കിലും വര്‍ധന. രാജ്യത്തെ രോഗമുക്തി നിരക്കിനേക്കാള്‍ കൂടുതലാണ് ദല്‍ഹിയില്‍, 66.03 ശതമാനം. പരിശോധന വര്‍ധിപ്പിച്ചതാണ് വൈറസ് വ്യാപന നിരക്ക് കുറയാന്‍ കാരണം. ജൂണ്‍ ആദ്യ വാരത്തില്‍ 6,000ത്തോളം സാമ്പിളുകളായിരുന്നു പരിശോധിച്ചത്. ഇപ്പോള്‍ 18,000ലധികം സാമ്പിളുകള്‍ ദിവസവും പരിശോധിക്കുന്നു.
ദിനംപ്രതി 6,000 പരിശോധനകളുണ്ടായപ്പോള്‍ അതില്‍ 2,000 ത്തിലധികവും വൈറസ് ബാധിതരായിരുന്നു. പരിശോധന മൂന്നിരട്ടിയാക്കിയതിന് ശേഷം ആദ്യ ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരുന്നു. പിന്നീടിങ്ങോട്ട് കുറവുണ്ടായതായാണ് കണക്കുകള്‍. കഴിഞ്ഞ ദിവസം 16,000ത്തിലധികം പേരെ പരിശോധിച്ചപ്പോള്‍ വൈറസ് ബാധിതരായത് 2,084 പേര്. ദല്‍ഹിയില്‍ വൈറസ് വ്യാപന നിരക്ക് കുത്തനെ ഉയര്‍ന്നപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെടുകയായിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, എയിംസ് ഡയറക്ടര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
പരിശോധനകള്‍ മൂന്നിരട്ടിയാക്കുക, കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികളാണ് ആദ്യം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി 500 റെയില്‍വേ കോച്ചുകള്‍ ദല്‍ഹിക്ക് കേന്ദ്രം അനുവദിച്ചു. പള്‍സ് ഓക്സിമീറ്ററുകളും ഓക്സിജന്‍ സിലിണ്ടറുകളും ആവശ്യാനുസരണം ലഭ്യമാക്കി. കൂടാതെ, പഞ്ചനക്ഷത്ര ഹോട്ടലുകളുള്‍പ്പെടെ കൊറോണ ചികിത്സാകേന്ദ്രങ്ങളായി ഏറ്റെടുത്തു. കേന്ദ്രത്തിന്റെ ഇടപെടലിന് ശേഷമാണ് രാധാ സോമി സത്സംഗ് ബ്യാസ് കോംപ്ലക്സില്‍ ലോകത്തിലെ ഏറ്റവും വലിയ കൊറോണ ചികിത്സാകേന്ദ്രം സജ്ജമായത്. ദല്‍ഹിയിലെ സ്ഥിതി വഷളായപ്പോള്‍ സഹായവുമായി എത്തിയതിന് അരവിന്ദ് കേജ്രിവാള് കഴിഞ്ഞ ദിവസം കേന്ദ്രത്തിന് നന്ദി അറിയിച്ചിരുന്നു.
ജൂണ്‍ ആദ്യ വാരം ദിനംപ്രതി ശരാശരി 238 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസവും അത്രത്തോളം കിടക്കകളും ആവശ്യമായി വന്നിരുന്നു. എന്നാല്‍, ജൂണ്‍ അവസാനമായപ്പോള്‍ ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരേക്കാള് കൂടുതല്‍ പേര് രോഗമുക്തരാകുന്നതായാണ് കണക്കുകള്‍. ദല്‍ഹിയിലിതുവരെ 85,161 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 26,246 പേര്. 56,235 പേര് രോഗമുക്തരായി. ആകെ മരണം 2,680.
പ്രതികരിക്കാൻ ഇവിടെ എഴുതുക: