കോഴിക്കോട്: കഴിഞ്ഞ ശനിയാഴ്ച കോഴക്കോട് വെള്ളയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ കുന്നുമ്മല്‍ നാലുകുടിപറമ്പില്‍ കൃഷ്ണന് (70) കൊറോണ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്രവ പരിശോധനയിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പരിശോധനാഫലം ലഭിക്കാത്തതിനാല്‍ ഇതുവരെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നില്ല.
കൃഷ്ണന് വൈറസ് ബാധിച്ചത് എവിടെനിന്ന് വ്യക്തമല്ല. കൊറോണ സാമൂഹ്യവ്യാപനമായെന്നതിന്റെ തെളിവാണ് ആത്മഹത്യ ചെയ്തയാള്‍ക്ക് സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്.
മൃതദേഹ പരിശോധന നടത്തിയ സിഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍, പരിശോധനയ്ക്ക് സഹായിച്ച നാട്ടുകാര്‍, കൃഷ്ണന്റെ ബന്ധുക്കള്‍ എന്നിവരോട് മുന്‍കരുതലായി നിരീക്ഷണത്തിലാകാന്‍ ആരോഗ്യ വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കൃഷ്ണനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കോഴിക്കോട് കോര്പ്പറേഷന് താല്‍ക്കാലിക ജീവനക്കാരിയായ ഭാര്യ മല്ലിക ജോലി കഴിഞ്ഞ ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കൃഷ്ണനെ തൂങ്ങിയ നിലയില്‍ കണ്ടത്. പതിനൊന്ന് മണിക്ക് പോലീസ് എത്തിയെങ്കിലും രണ്ടര മണിയോടെയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തത്. മരിച്ച കൃഷ്ണന്റെ വീട്ടില്‍ ഇതിനിടെ നാട്ടുകാരും ബന്ധുക്കളുമായ നിരവധി പേര് വന്നിരുന്നു. മൃതദേഹ പരിശോധന നടത്തിയ രണ്ട് പോലീസുകാരൊഴിച്ച് സിഐ അടക്കമുള്ളവര്‍ക്ക് പിപിഇ കിറ്റിന്റെ സംരക്ഷണവും ഉണ്ടായിരുന്നില്ല. ഇതോടെ നിരവധി പേര്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വെള്ളയില്‍ പ്രദേശം നിയന്ത്രിത മേഖലയാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ പറഞ്ഞു. ഇന്നലെ വൈകീട്ട് രോഗം സ്ഥിരീകരിച്ചെങ്കിലും സര്‍ക്കാറിന്റെ വാര്‍ത്താകുറിപ്പില്‍ ആത്മഹത്യ ചെയ്ത ആള്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഉള്‍പ്പെട്ടിരുന്നില്ല. പരിശോധനാ ഫലം ലഭിക്കാന്‍ വൈകിയതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: