സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള യുദ്ധവും സമാധാനവും അതാതിന്റെ രീതികളില്‍ മുന്നോട്ടു പോവുമ്പോള്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നു പറയുന്നതു പോലെയായിരിക്കുന്നു മൊബൈല്‍ ആപ്പുകളുടെ നിരോധനം. ചൈനയുമായി നേരിട്ടു ബന്ധമുള്ള, അല്ലെങ്കില്‍ അവരുടെ രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക ചരടുവലിക്കൊത്തു നീങ്ങാന്‍ തയാറായ അഞ്ചു ഡസനിലേറെ വരുന്ന മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകളാണ് ഭാരത സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാരിന്റെ ഐടി മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. സമ്മിശ്ര വികാരമാണ് അതിനെത്തുടര്‍ന്ന് രാജ്യത്ത് അലയടിക്കുന്നത്. അഭിമാനബോധമുള്ളവര്‍ നെഞ്ചേറ്റുമ്പോള്‍ ചോറിങ്ങും കൂറങ്ങും നിലപാടുള്ളവര്‍ ഹാലിളകി നടക്കുന്നു.
പുതിയ കാലത്ത് പുതിയ സാമൂഹിക ക്രമവും അതിന്റെതായ വഴിയും അമ്പരപ്പിക്കുന്ന തരത്തില്‍ പുരോഗതി പ്രാപിക്കുകയാണ്. മനുഷ്യനില്‍ അന്തര്‍ലീനമായ കഴിവുകളെപ്പോലും പുറത്തു കൊണ്ടുവരാന്‍ പര്യാപ്തമായ മൊബൈല്‍ ആപ്പുകള്‍ ഇന്ന് നമുക്കിടയിലുണ്ട്. പലതും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പല രംഗത്തുമുള്ള അനിതര സാധാരണമായ മുന്നേറ്റത്തിന് ഇത്തരം ആപ്പുകള്‍ ഏറെ സഹായകവുമായിട്ടുണ്ട്. അത്തരമൊരു അന്തരീക്ഷത്തിലാണ് ആപ്പുകള്‍ക്ക് നിരോധനം വരുന്നത്. ഇത് എങ്ങനെ, ഏതു തരത്തില്‍ ബാധിക്കുമെന്നതിനെക്കുറിച്ച് പെട്ടെന്നൊരു അഭിപ്രായം പറയാന്‍ പ്രയാസമായിരിക്കും. കുറേപ്പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നത് വസ്തുതയുമാണ്.
അതേസമയം എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യം പ്രസക്തമാണ്. ഒരു രാജ്യത്തിന്റെ പരമാധികാര സത്തയെ നിര്‍ലജ്ജം ചോദ്യം ചെയ്യുകയും ആക്രാമിക നിലപാടുമായി തുടര്‍ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ശക്തികളെ വരുതിയില്‍ നിര്‍ത്താന്‍ ആത്മാഭിമാനമുള്ള ആരും ഏതറ്റംവരെയും പോകും. ഇവിടെ നടന്നതും അതാണ്. ചതിയിലൂടെ ഭാരതത്തിന്റെ മണ്ണ് കവര്‍ന്നെടുക്കാന്‍ വന്ന ചീനയുടെ ദുഷ്ട നീക്കത്തെ തച്ചുതകര്‍ക്കേണ്ടതുണ്ട്. ശാരീരിക ചെറുത്തുനിപ്പു വഴി ഭാരത സൈനികര്‍ വീരോജ്വലമായി പോരാടുമ്പോള്‍ പൗരന്മാര്ക്കും തത്തുല്യമായ ഉത്തരവാദിത്തമുണ്ട്. ചീനയുടെ സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, നമ്മുടെ പണം കൊണ്ട് നമ്മുടെ ഭടന്മാരുടെ ജീവന് നാം തന്നെ ചിതയൊരുക്കുകയാണ്.
ചൈനയുടെ നിയന്ത്രണത്തിലുള്ള ആപ്പുകള്‍ ഉപേക്ഷിക്കുന്നതു വഴി രണ്ടു തരത്തിലുള്ള മുന്നേറ്റമാണ് നമുക്കുണ്ടാവുക. സ്വയം ശാക്തീകരണത്തിന്റെ പാതയിലേക്ക് കരളുറപ്പോടെ മുന്നേറാന്‍ നമുക്കു സാധിക്കും. രണ്ട്, ശത്രുവിന്റെ സാമ്പത്തിക ശക്തി ക്ഷയിപ്പിക്കാന് സാധിക്കും. ചൈനയുടെ ആപ്പിന് പകരമായി ഭാരതത്തിന്റെതുള്പ്പെടെയുള്ളവ ഉപയോഗിക്കുന്നതു വഴിയാണ് അത് സാധിതപ്രായമാവുക. സ്വയംശാക്തീകരണത്തിലൂടെ ഏതു പ്രതിസന്ധിയേയും അങ്ങനെ തരണം ചെയ്യാനും കഴിയും. സ്വയമേവ മൃഗേന്ദ്രതാ ഭാവത്തിലൂടെ ആര്ക്കെതിരെയുമല്ലാത്ത ശക്തമായ രാഷ്ട്രമായി നമുക്ക് മുന്നേറാന്‍ സാധിക്കും. അന്യരുടെ ആശ്രിതത്വത്തിലാവുന്ന അവസ്ഥയാണല്ലോ ഏറ്റവും ലജ്ജാകരമായത്. ഇരുളിന്റെ മറവില്‍ ചതിയുടെ വലയുമായി എത്തുന്നവനെ തകര്‍ത്തെറിയാന്‍ രാജ്യസ്നേഹികളായ സകല പൗരന്മാരും രംഗത്തിറങ്ങേണ്ട അവസരമാണിത്. ചെറിയ ചെറിയ താല്‍പ്പര്യങ്ങള്‍ അതിനായി ബലികഴിക്കേണ്ടി വരും.
ചീനയുടെ ആപ്പുകളുടെ നിരോധനം വഴി സ്വദേശത്തെ ഈ മേഖലയിലുള്ള വ്യവസായത്തിന് വന്‍ കുതിപ്പാണുണ്ടാവുക. അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിച്ചാല്‍പോലും മൊബൈല്‍ ആപ്പുകള്‍ വഴി ചൈനയ്ക്ക് സൈബര്‍ യുദ്ധത്തിലൂടെ ഭാരതത്തിന്റെ ക്രിയാത്മക ശേഷിയെ തകര്‍ക്കാനാവും. അതിനുപയുക്തമായ തരത്തില്‍ ടിക് ടോക് , എക്സെന്‍ഡര്‍ തുടങ്ങിയ ജനപ്രിയ ആപ്പുകള്‍ മാറ്റാനുമാവും. പുരോഗമിക്കുന്തോറും ശസ്ത്രം കൂടുതല്‍ മാരകമാവുമെന്ന് വെറുതെ പറയുന്നതല്ല. അത്തരമൊരു അപകടകരമായ സ്ഥിതിവിശേഷം ഇല്ലാതാക്കുകയും സ്വാഭിമാനത്തിന്റെ ശക്തിയും സൗന്ദര്യവും എല്ലാവരും അറിയുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് ഭാരത സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിലേക്കുള്ള യാത്രയ്ക്ക് പച്ചക്കൊടി വീശിയിരിക്കുകയാണ് 59 ഓളം മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിലൂടെ. ചീനാ മനസ്സുള്ള രാഷ്ട്രീയക്കുറുക്കന്മാര്ക്കു മാത്രമേ ഇതൊരു ബുദ്ധിമുട്ടായി തോന്നൂ. എന്നാല്‍, നേരത്തെ കൊതിച്ചിരുന്നത് നടപ്പിലായല്ലോ എന്ന സന്തോഷത്തിലാവും രാജ്യസ്നേഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: