കണ്ണൂര്‍: പായം പഞ്ചായത്തിലെ അളപ്രയില്‍ മരിച്ച ആളുടെ ക്ഷേമ പെന്ഷന് ഒപ്പിട്ടു വാങ്ങിയ സംഭവത്തില്‍ പ്രതിയായ ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ കമ്മറ്റിയംഗം സ്വപ്നയ്ക്ക് പരോക്ഷ പിന്തുണയുമായി സിപിഎം നേതൃത്വം. സ്വപ്നയുടെ ഭര്‍ത്താവ് കൂടിയായ പായം പഞ്ചായത്ത് പ്രസിഡണ്ട് എന്‍. അശോകന് ഒരേസമയം രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് ശമ്പളം കൈപ്പറ്റിയെന്ന ആരോപണമുയര്‍ന്നതോടെയാണ് സിപിഎം ജില്ലാ നേതൃത്വം പിന്തുണയുമായി രംഗത്ത് വന്നത്.
പഞ്ചായത്ത് പ്രസിഡണ്ടായതിന് ശേഷവും കിളിയന്തറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എന്ന നിലയിലും മാസങ്ങളോളം വേതനം കൈപ്പറ്റിയെന്നാണ് അശോകനെതിരായ ആരോപണം. മരിച്ചയാളുടെ പേരിലുള്ള പെന്ഷന് കൈപ്പറ്റി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് തെളിഞ്ഞിട്ടും ഇതുവരെ നടപടി സ്വീകരിക്കാത്തത് ഇവര്‍ക്ക് പാര്‍ട്ടിയിലുള്ള സ്വാധീനം കൊണ്ടാണ്.
പായം പഞ്ചായത്തിനെ നയിക്കുന്ന പ്രസിഡണ്ട് എന്‍. അശോകനെ പെന്ഷന് വിതരണ വിഷയം ഉയര്‍ത്തിക്കാട്ടി ബിജെപി രാഷ്ട്രീയമായി അപഹസിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഇരിട്ടിയിലെ വിശദീകരണ യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പറഞ്ഞത്. ബാങ്കിലെ കളക്ഷന്‍ ഏജന്റ് സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും വിളമന ലോക്കല്‍ കമ്മറ്റിയംഗം കൂടിയായ സ്വപ്നയ്ക്കെതിരെ പാര്‍ട്ടി ഇതുവരെ നടപടിയെടുത്തിട്ടില്ല.
സിപിഎം ഉന്നത നേതൃത്വവമായി ബന്ധമുള്ള സ്വപ്നയെ നേതൃത്വം വഴിവിട്ട് സഹായിക്കുന്നുവെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നുണ്ട്. കമ്മീഷനെ നിശ്ചയിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് നേതൃത്വം വിശദീകരണം നല്കുമ്പോഴും പ്രാദേശിക ഘടകത്തിന് ഇതില്‍ ആശങ്കയുണ്ട്. ധനാപഹരണം, വഞ്ചന, ആള്‍മാറാട്ടം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് സ്വപ്നയ്ക്കെതിരെ പോലസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല.
വിഷയത്തില്‍ ജില്ലാ നേതൃത്വം നേരിട്ട് ഇടപെട്ടതിനാല്‍ പ്രാദേശിക ഘടകം ഇപ്പോള്‍ കാഴ്ചക്കാരായി മാറിയിരിക്കുകയാണ്. പ്രാദേശിക സിപിഎം നേതൃത്വം സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടറി തന്നെ നേരിട്ടെത്തി സംസാരിച്ചത് ഉന്നത നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണെന്ന ആരോപണവുമുണ്ട്. എന്നാല്‍ വിഷയത്തില്‍ ഏകപക്ഷീയമായി ആരോപണ വിധേയര്ക്കനുകൂലമായി നിലപാടെടുത്താല്‍ ശക്തമായി പ്രതികരിക്കാന്‍ ഒരു വിഭാഗം തയ്യാറാടുക്കുന്നുവെന്നാണ് സൂചന. കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന് പാറയിലിന്റെ ആത്മഹത്യയ്ക്ക് ശേഷം സിപിഎം ജില്ലാ ഘടകവും പ്രാദേശിക ഘടകവും തമ്മിലുണ്ടായ പരസ്യ ഏറ്റുമുട്ടല്‍ പോലെ പെന്ഷന് തട്ടിപ്പ് വിഷയത്തിലും പാര്‍ട്ടിക്കകത്ത് പൊട്ടിത്തെറയുണ്ടാകാന് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: