തൃശൂര്‍: വടക്കാഞ്ചേരിയില്‍ 7 അംഗ കുടുംബം തല ചായ്‌ക്കുന്നത് റെയില്‍വേ മേല്‍പ്പാലത്തിനടിയിലെ പാതയോരത്ത്. വയോധികരുള്‍പ്പെടെയുള്ള കുടുംബം യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് ഇവിടെ കഴിയുന്നത്. 60 കാരനായ നാഗേഷാണ് ഗൃഹനാഥന്‍. 2 പതിറ്റാണ്ടു മുന്‍പ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്‌ക്ക് കുടിയേറിയതാണ് ഇവര്‍. പിന്നീടൊരു തിരിച്ചു പോക്കുണ്ടായില്ല. ആക്രി പെറുക്കിയും ഹാര്‍മോണിയത്തില്‍ ഗാനമാലപിച്ചും വീടുകളില്‍ കയറിയിറങ്ങി ഇക്കാലമത്രയും ജീവിതം തള്ളി നീക്കി. റെയില്‍വേ പുറമ്പോക്കുകളിലും പൊതുമരാമത്ത് വകുപ്പിന്റെ ആളൊഴിഞ്ഞ സ്ഥലങ്ങളിലുമൊക്കെ താമസിച്ചു പോന്നു.
നാഗേഷിന്റെ മകളുടെ വിവാഹവും മകള്‍ രണ്ട്് കുട്ടികള്‍ക്ക് ജന്മം നല്‍കിയതുമൊക്കെ വടക്കാഞ്ചേരി മേഖലയില്‍ വച്ചു തന്നെയായിരുന്നു. കൊറോണയുടെ ഭാഗമായി ലോക്ഡൗണ്‍ ആരംഭിച്ചതോടെ ആക്രി പെറുക്കലും വീടുകളില്‍ ഹാര്‍മോണിയ ഗാനങ്ങളുമായി കയറിയിറങ്ങലുമൊക്കെ നിലച്ചു. ഇതോടെ കുടുംബം പട്ടിണിയിലായി. തുടര്‍ന്ന് അധികൃതരെത്തി വടക്കാഞ്ചേരി ബോയ്‌സ് സ്‌കൂളില്‍ ആരംഭിച്ച അഗതി ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും രണ്ട് മാസം അവിടെ കഴിയുകയും ചെയ്തു. അക്കാലയളവില്‍ മരുന്നും ഭക്ഷണവും കൃത്യമായി ലഭിച്ചിരുന്നെന്നും എന്നാല്‍ ക്യാമ്പ് പിരിച്ചുവിട്ടതോടെ വീണ്ടും ദുരിതത്തിലായതായും കുടുംബം പറയുന്നു.
ഇനിയെന്തു ചെയ്യുമെന്ന ചോദ്യത്തിന് അറിയാവുന്നത് ആക്രി പെറുക്കലും പാട്ടു പാടലുമാണ് പക്ഷെ പുറത്തിറങ്ങാന്‍ പാടില്ലല്ലോ നിഷ്‌കളങ്കതയോടെയുള്ള ഇവരുടെ മറുപടി. സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണ വരവും നിലച്ചതോടെ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിച്ചു. ഇപ്പോള്‍ ഭൂരിഭാഗം ദിനങ്ങളിലും പട്ടിണിയാണ്. പാതയോരത്തിലൂടെ കടന്ന് പോകുന്ന യാത്രികരും സമീപവാസികളും എന്തെങ്കിലും നല്‍കിയാല്‍ വയോധികരടക്കമുള്ളവര്‍ പങ്കിട്ട് കഴിക്കും. കിട്ടിയില്ലെങ്കില്‍ പട്ടിണി കിടക്കും. അരിയോ മറ്റോ ലഭിച്ചാല്‍ കല്ലടുപ്പു കൂട്ടി കഞ്ഞി വച്ച് കഴിക്കുന്നതും ഇവിടെ വച്ചു തന്നെയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളുള്ളവരാണ് ഇവരില്‍ ഏറെയും. മഴ കനത്തതോടെ പകര്‍ച്ചവ്യാധിയുടെ പിടിയിലാണ് ഇവര്‍ താമസിക്കുന്ന മേല്‍പ്പാലത്തിന്റെ കീഴ്ഭാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: