കുണ്ടറ: മഴ പെയ്തതോടെ അഷ്ടമുടി, തൃക്കരുവയുടെ പല ഭാഗങ്ങളിലും ആഫ്രിക്കന്‍ഒച്ച് ശല്യം രൂക്ഷമായി. അഷ്ടമുടിമുക്ക്, പ്രാക്കുളം, കാഞ്ഞാവെളി, പെരുമണ്‍, ഇഞ്ചവിള ഭാഗങ്ങളിലൊക്കെ ഇത് കൂടുതല്‍ രൂക്ഷമാണ്. ഈ ഭാഗത്തെ മതിലുകളിലെല്ലാം കൂട്ടമായി ആഫ്രിക്കന്‍ ഒച്ച് പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം. ആഫ്രിക്കന്‍ ഒച്ചുകളാണിതെന്നും അപകടകാരികളല്ലെന്നും അധികൃതര്‍ പറയുന്നു.
പാടവും മലിനജലവും ഉള്ള ഭാഗത്താണ് ഒച്ചുകളെ കൂടുതലായി കാണുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒച്ചുകളെ ഓടിക്കാന്‍ മരുന്നു തളിക്കുന്നതടക്കമുള്ള നടപടി ആരംഭിക്കണമെന്ന് പ്രദേശവാസികള്‍. വീടിന്റെ തിണ്ണയിലും മുറ്റത്തും രൂക്ഷമായ ഒച്ച് ശല്യമുണ്ട്. രാവിലെ ഒച്ചുകള്‍ ഭിത്തികളില്‍ പറ്റിപ്പിടിച്ചിരിക്കും. താമസക്കാര്‍ ഉപ്പും മറ്റും ഇട്ട് ഇവയെ ദിവസവും നശിപ്പിക്കുകയാണ് പതിവ്. ഇവ കൂട്ടമായി ചത്തു കഴിഞ്ഞാല്‍ ദുര്‍ഗന്ധവും ഉണ്ടാകും.
തൈകള്‍, തളിരുകള്‍, കാബേജ് വര്‍ഗം, വെള്ളരി വര്‍ഗം, കൊക്കോ, പപ്പായ, ഇലയും പഴവും, വാഴ, റബ്ബര്‍ തുടങ്ങി വിവിധ സസ്യങ്ങള്‍, പായലുകള്‍, അഴുകുന്ന ജൈവാവശിഷ്ടങ്ങള്‍, പേപ്പര്‍, തടി തുടങ്ങിയവയും ആഹാരമാക്കിയാണ് ഒച്ചുകള്‍ ജീവിക്കുന്നത്. ഇവ ക്രമാതീതമായി വര്‍ധിച്ചാല്‍ കൃഷിനാശത്തിന് കാരണമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ പോലും പരമാവധി സ്ഥലങ്ങളില്‍ കൃഷിചെയ്തിരിക്കുന്ന സമയത്താണ് പ്രദേശങ്ങളില്‍ ഒച്ച് ശല്യം രൂക്ഷമായിരിക്കുന്നത്. പച്ചക്കറി കൃഷി ഇവ വ്യാപകമായി നശിപ്പിക്കുകയാണ്. ജാതി, തെങ്ങ്, വാഴ കൃഷികളും വൃക്ഷങ്ങളും നിറയെ ഒച്ചുകള്‍ കയ്യേറിയിരിക്കയാണ്. നാല് സെന്റിമീറ്റോളം വലുപ്പമുള്ളതും തവിട്ടുനിറത്തോടു കൂടിയതുമാണ് ഇവ. ആരോഗ്യവകുപ്പിലും കൃഷിഭവനിലും വിവരം അറിയിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
വെയില്‍ മാറി മഴ തുടങ്ങുന്ന സമയത്താണ് ഇവ കൂടുതലായി കണ്ടുവരുന്നത്. നാലുമാസത്തോളമായി ഈ പ്രദേശങ്ങളില്‍ ഇവയുടെ ശല്യം തുടങ്ങിയിട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത്രയുംകാലം കൃഷിയിടത്തിലും വീട്ടുമുറ്റത്തും മാത്രമായിരുന്നുവെങ്കില്‍, ഇപ്പോള്‍ വീടുകള്‍ക്കുള്ളിലും ഇവയുടെ ശല്യം തുടങ്ങി. ഉപ്പു വിതറിയാല്‍ ഒച്ചുകള്‍ ചത്തുപോകുമെങ്കിലും പിന്നീടും ഇവ കൂട്ടമായി എത്തുകയാണ്. സമീപമുളള ആളൊഴിഞ്ഞ പുരയിടങ്ങളിലെ തടികളും മറ്റ് മാലിന്യങ്ങളുമാണ് ഒച്ചിന്റെ ഉറവിടമെന്നാണ് വിവരം. കഴിഞ്ഞകൊല്ലവും ഇവയുടെ ശല്യം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: