Categories: Kerala

ഇ-മൊബിലിറ്റി: അഴിമതി ആരോപണം തള്ളി മന്ത്രി

Published by

കോഴിക്കോട്: ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി 3000 ഇലക്ട്രിക് ബസ്സുകള്‍ വാങ്ങാനുള്ള പദ്ധതിയില്‍ അഴിമതിയില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. ബസ്സുകള്‍ വാങ്ങാന്‍ സര്‍ക്കാറും കെഎസ്ആര്‍ടിസിയും കരാര്‍ ഉണ്ടാക്കിയിട്ടില്ല.  ഇ-മൊബിലിറ്റിയുടെ ഭാഗമായി ഇലക്ട്രിക് ബസ്സുകള്‍ കേരളത്തില്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കുന്നതിനാണ് പ്രൈസ് വാട്ടര്‍ കൂപ്പര്‍ കമ്പനിയെ കണ്‍സള്‍ട്ടന്‍സിയായി കണ്ടെത്തിയത്.  ഈ കമ്പനിയുമായി ഇതുവരെ കരാര്‍ ഒപ്പുവെച്ചിട്ടില്ല. ബസ് വാങ്ങാനാണെങ്കില്‍ ഡിപിആര്‍ ഉണ്ടാക്കേണ്ട ആവശ്യം ഇല്ല. നിലവില്‍ 3000 ബസ് വാങ്ങാനുള്ള ശേഷി കെഎസ്ആര്‍ടിസിക്കില്ലെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുക്കാന്‍ ടെണ്ടര്‍ വിളിക്കേണ്ട ആവശ്യം ഇല്ല. എംപാനല്‍ ലിസ്റ്റില്‍ നിന്നാണ് പ്രൈസ് വാട്ടര്‍ കൂപ്പറിനെ തെരഞ്ഞെടുത്തത്. വാഹനവുമായി ബന്ധപ്പെട്ട മേഖലയില്‍ ഈ കമ്പനിക്കാണ് കൂടുതല്‍ പരിചയം. കണ്‍സള്‍ട്ടന്‍സി ഫീസുമായി ബന്ധപ്പെട്ട നെഗോസ്യേഷനും ഇക്കാര്യത്തില്‍ ആവശ്യമില്ല. 80 ലക്ഷം രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസ് നശ്ചയിച്ചത്. ഇതാണ് 4500 കോടിയുടെ അഴിമതിയായി പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചത്. ഇ-മൊബിലിറ്റി പദ്ധതി നടപ്പാക്കുന്നത് ഗതാഗത മന്ത്രിയായ താന്‍ അറിഞ്ഞില്ലെന്ന ആരോപണം തെറ്റാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by