സംശുദ്ധ അപരോക്ഷ ചൈതന്യത്തിന്റെ വിവര്‍ത്തം വഴിയുള്ള വികാസ സങ്കോചങ്ങളെ മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ അറിവിന്റെ വികാസ സങ്കോചങ്ങളായി കാണാവുന്നതാണ്. പരബ്രഹ്മത്തില്‍ ബോധം, ബുദ്ധി എന്നീ കല്പനകളൊന്നും ചേരില്ല. അവിടെ അപരോക്ഷജ്ഞാനം മാത്രമേയുള്ളു.
ആദ്യവിവര്‍ത്തമായ പരമേശ്വരസങ്കല്പത്തില് കാലം എന്ന ഉപാധിയും അതിന്റെ ഫലമായുള്ള സംശുദ്ധബോധവും നേര്‍ബുദ്ധിയും ആരംഭിക്കുന്നു. അവിടെ രാഗദ്വേഷങ്ങളില്ല. ‘ഞാന്‍’ എന്ന ബോധവും കാലബോധവും രണ്ടല്ല.
പുരാണകഥകളില്‍ ശിവഭഗവാന്റെ എടുത്തുചാട്ടമായി ചിത്രീകരിക്കപ്പെടുന്നത് മേല്പറഞ്ഞ നേര്‍ബുദ്ധിയാണ്.
തുടര്‍ന്നുള്ള വികാസങ്ങളെല്ലാം വക്രബുദ്ധിയുടെ വികാസങ്ങളാകുന്നു. വിവരജ്ഞാനത്തിന് വക്രബുദ്ധി വേണം. രണ്ടല്ലാത്ത ‘ഞാന്‍’ എന്ന ബോധവും കാലബോധവും വേര്‍പിരിയുകയും വേണം. വിവരം കാലബോധത്തിലാണ്, അറിയാന്‍ ‘ഞാന്‍’ വേണംതാനും. അദൈ്വതിയുടെ വീക്ഷണത്തില്‍ എല്ലാ വിവരജ്ഞാനങ്ങളും അജ്ഞാനമാകുന്നു.
അജ്ഞാനം (മായ) തുടങ്ങുന്നത് നിയന്താവ് എന്ന ആദിനാരായണ(വിഷ്ണു) സങ്കല്പത്തില് നിന്നാണ്. വിഷ്ണുഭഗവാനില്‍ സങ്കല്പപ്രവാഹത്തിലെ പുനര്‍പ്രവേശനം എന്ന കറങ്ങല്വഴി ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ ത്രികാലബോധമുണ്ടാകുന്നു. കാര്യകാരണബന്ധങ്ങളും നിയന്ത്രണബോധവുമുണ്ടാകുന്നു. മായയുടെ പ്രയോക്താവ് വിഷ്ണുഭഗവാനാണല്ലോ. ശിവചൈതന്യം വിഷ്ണുമായയില്‍ പ്രവേശിക്കുമ്പോഴാണല്ലോ പഞ്ചഭൂതങ്ങളുണ്ടാകുന്നത്. ശിവഭഗവാനിലെ കാലബോധം എന്ന മായാസ്പര്‍ശം വിഷ്ണുഭഗവാനിലെത്തുമ്പോള് പൂര്ണ്ണമായാസ്വരൂപമായി മാറുന്നു.
ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വിദ്യുച്ഛക്തി മാത്രം പോരാ, അതിന്റെ കൂടെ ഒരു കാലപ്രമാണം(ക്ലോക്ക്) കൂടി വേണം. ക്ലോക്കിലെ കാലപ്രവാഹമാണ് നേര്‍ബുദ്ധി. അവിടെ പ്രത്യേക വിവരങ്ങളില്ല. വ്യത്യസ്ത പ്രമാണങ്ങളിലുള്ള കാലപ്രവാഹങ്ങള്‍ കൂടിക്കലരുമ്പോഴാണ് (അധ്യാസം, സൂപ്പര്‍ ഇംപൊസിഷന്‍) വിവരജ്ഞാനമുണ്ടാകുന്നത്. അദൈ്വതപദ്ധതിയില് എല്ലാ വിവരജ്ഞാനങ്ങളും (ശാസ്ത്രങ്ങളും) അജ്ഞാനമാണെന്ന് മുന്‍പ് സൂചിപ്പിച്ചുവല്ലോ.
കമ്പ്യൂട്ടറിലെ സ്പന്ദനപ്രവാഹങ്ങളില് പുനര്‍പ്രവേശനം (ഫീഡ്ബാക്ക്) വഴി മുന്വിവരജ്ഞാനം ഇപ്പോള്‍ പ്രയോഗിച്ച് ഭാവിയെ നിയന്ത്രിക്കാറുണ്ടല്ലോ. ഇതിന്റെയെല്ലാം ആദിമാതൃകയാണ് വിഷ്ണുമായ. എല്ലാം മിഥ്യാബോധങ്ങളാകുന്നു. എന്നാല്‍ ഇവിടെ നേര്‍ബുദ്ധി നഷ്ടപ്പെട്ടിട്ടില്ലെന്നും, അവശ്യം വേണ്ടതാണെന്നും ശ്രദ്ധിക്കുക.
നമ്മുടെ വേദങ്ങള്‍ അന്നമാണ് ബ്രഹ്മം, പ്രാണനാണ് ബ്രഹ്മം, മനസ്സാണ് ബ്രഹ്മം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് വ്യത്യസ്ത ഉപദേശങ്ങള്‍ നല്കുന്നുണ്ടല്ലോ. ‘ക്രബുദ്ധിയാണ് ബ്രഹ്മം’ എന്ന തലത്തിലാണ് ഇന്നത്തെ പാശ്ചാത്യരും, അവരെ പിന്‍പറ്റി ആധുനികലോകവും നിലപാടെടുത്തിരിക്കുന്നത്. അവര്‍ വക്രബുദ്ധിയെ ബോധം എന്നുവിളിച്ച് അതാണ് പരമചൈതന്യം എന്ന് ഉറച്ചുവിശ്വസിക്കുന്നു. വക്രബുദ്ധിയുടെ ബോധവും നേര്‍ബുദ്ധിയുടെ കാലബോധവും കടന്നുവേണം പരമപദത്തിലെത്താനെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.
വക്രബുദ്ധിയില്‍ നിന്ന് നേര്ബുദ്ധിയിലെത്താനുള്ളതാണ് ശരിയായ ശാസ്ത്രപഠനം. അതിനായി കാലത്തില്‍ നിന്നുകൊണ്ട് നടത്തുന്ന പഠനങ്ങളാണ് ശരിയായ ആധുനികശാസ്ത്ര പഠനങ്ങള്‍. അതോടൊപ്പംതന്നെ മായയുടെ ലോകത്ത് മായാസ്പര്ശമില്ലാതെ ജീവിക്കാനുള്ള പഠിപ്പു കൂടി ആകേണ്ടതാണെന്നും ഓര്‍ക്കുക. അവിദ്യാ മായ എന്നും വിദ്യാമായ എന്നും രണ്ടുണ്ടല്ലോ.
നമ്മുടെ സമ്പ്രദായത്തില്‍ വികാസ സങ്കോചങ്ങള്‍ പ്രപഞ്ചത്തിനല്ല, വിവര്‍ത്തം വഴി അറിവിനാണ്. മഹാപ്രളയം എന്ന വിവര/വിഷയ ജ്ഞാനങ്ങളുടെ പൂര്‍ണ്ണ അഭാവത്തില്‍പ്പോലും ബീജചൈതന്യം ആലിലകൃഷ്ണനായി നീന്തിക്കളിക്കുന്നു. കാലാതീതമായി നിലനില്ക്കുന്നു. അപരോക്ഷജ്ഞാനത്തിന് ഉത്പത്തിനാശങ്ങള്‍ ഇല്ല.
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: