ഇരിട്ടി: മാടത്തില്‍ പഴശി പദ്ധതിപ്രദേശത്ത് മണ്ണിടുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം സ്ഥലം സന്ദര്‍ശിച്ചു. സ്റ്റേഡിയം നിര്‍മ്മിക്കാനെന്ന പേരില്‍ പായം പഞ്ചായത്ത് പ്രസിഡണ്ട് എന്‍. അശോകന്റെ നേതൃത്വത്തില്‍ അനധികൃതമായി ചതുപ്പ് നിലം നികത്തുന്നതായാണ് ആരോപണമുയര്‍ന്നത്.
ഇരിട്ടി പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുഴയില്‍ തള്ളിയ ലോഡ് കണക്കിന് മണ്ണ് പുഴയില്‍ നിന്നും മാറ്റി ഇവിടെ കൊണ്ടുവന്നു തള്ളുകയാണ് ചെയ്യുന്നത്.
പഴശ്ശിയുടെ ഷട്ടര്‍ അടച്ച് പൂര്‍ണതോതില്‍ വെള്ളം നിര്‍ത്തിയാല്‍ വെള്ളം കയറുന്ന ചതുപ്പു നിലമാണ് ഇത്. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ ഈ പ്രദേശവും മാടത്തില്‍ ടൗണ്‍ അടക്കമുള്ള സ്ഥലങ്ങളും മൂന്ന് ദിവസത്തോളം വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്നു. ഇവിടെ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ആവശ്യമായ അനുമതികളൊന്നും നല്‍കിയിട്ടില്ലെന്നാണ് പരിസ്ഥിതി വകുപ്പും ജലസേചന വകുപ്പ് അധികൃതരും പറയുന്നത്.
കെഎസ്ടിപി റോഡ് കരാര്‍ കമ്പനിയെക്കൊണ്ട് ഇവിടെ മണ്ണ് തള്ളിക്കുന്നതില്‍ ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായാണ് ആരോപണം. ജില്ലാ കളക്ടറുമായും ജലസേചന വിഭാഗവുമായും ബന്ധപ്പെട്ട് ഇത് സംബന്ധിച്ച നിജസ്ഥിതി ആരായുമെന്നും അനുമതി ഇല്ലാത്തപക്ഷം പായം പഞ്ചായത്ത് പ്രസിഡണ്ട് ഏകപക്ഷീയമായി ദാര്‍ഷ്ട്യത്തോടെ നടത്തുന്ന മണ്ണിടല്‍ പ്രവൃത്തി തടയുമെന്നും എന്‍. ഹരിദാസ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷ്, ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, മണ്ഡലം വൈസ്പ്രസിഡണ്ട് പി.വി. അജയകുമാര്‍ തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: