കണ്ണൂര്‍: വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പ്രവാസികള്‍ എത്തുന്ന സാഹചര്യത്തില്‍ കോവിഡ് 19 ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതായി ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. അവശ്യഘട്ടത്തില്‍ 1000 കിടക്കകള്‍ വരെ ഒരുക്കാന്‍ കഴിയുന്ന വിധത്തില്‍ ഫസ്റ്റ്ലൈന് ചികിത്സാ കേന്ദ്രങ്ങള്‍ കണ്ടെത്തി സജ്ജമാക്കും. ഏറ്റെടുക്കാവുന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കണ്ണൂര്‍ നഗരത്തിലെ ഒരു ഫ്ളാറ്റ് സമുച്ചയം ദുരന്ത നിവാരണ നിയമത്തിലെയും പകര്‍ച്ചവ്യാധി നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം ഏറ്റെടുത്തിട്ടുണ്ട്.
ഓരോ ഫസ്റ്റ്ലൈന് ചികിത്സാ കേന്ദ്രത്തെയും സമീപത്തെ കോവിഡ് ആശുപത്രിയുമായി ബന്ധിപ്പിക്കും. ലക്ഷണമില്ലാത്ത കോവിഡ് രോഗികളെയും നേരിയ ലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഫസ്റ്റ്ലൈന് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുക. രോഗം കൂടുതലാകുന്ന ഘട്ടത്തില്‍ ഇവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റുക എന്നതായിരിക്കും രീതി. കോവിഡ് ആശുപത്രികളില്‍ തിരക്ക് നിയന്ത്രിച്ച് ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഇതുവഴി സാധിക്കുമെന്നും കലക്ടര്‍ പറഞ്ഞു. നിലവില്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രം, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവയാണ് ജില്ലയിലെ കോവിഡ് ആശുപത്രികള്‍. ഇവിടെയെല്ലാമായി ആകെ 663 കിടക്കകളാണ് നിലവിലുള്ളത്.
പ്രവാസികള്‍ക്ക് വീടുകളില്‍ ക്വാറന്റൈന് അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റൈന് നല്‍കേണ്ടതുണ്ട്. വീടുകളിലെ ക്വാറന്റൈനില്‍ വീഴ്ചയില്ലെന്ന് ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങളും പൊലീസും കൂടുതല്‍ ജാഗ്രത കാണിക്കണം. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേര്‍ക്കും. എംഎല്‍എമാരായ ജെയിംസ് മാത്യു, സി. കൃഷ്ണന്, മന്ത്രിമാരുടെ പ്രതിനിധികള്‍, അസി. കലളക്ടര് ആര്. ശ്രീലക്ഷ്മി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: