കണ്ണൂർ: മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യാജരേഖ ചമച്ച് വാര്‍ധക്യ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സിപിഎം വനിത നേതാവിന്റെ ഭർത്താവും ലക്ഷങ്ങളുടെ തിരിമറി നടത്തിയിട്ടുണ്ടെന്ന് ബിജെപി. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിരിക്കെ അശോകൻ വ്യാജരേഖ ചമച്ച് കിളിയന്തറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പദവിയുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പറഞ്ഞു. രണ്ട് വര്‍ഷത്തോളം തട്ടിയെടുത്ത പണം ഇതുവരെ എന്തുകൊണ്ട് തിരിച്ചടച്ചില്ല എന്നതിന് സിപിഎം മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി പേരാവൂര്‍ മണ്ഡലം കമ്മറ്റി മാടത്തില്‍ ടൗണില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിയുരുന്നു അദ്ദേഹം. അളപ്രയിലെ അന്തരിച്ച കൗസു നാരായണന്റെ ക്ഷേമ പെന്‍ഷന്‍ തുക ഇദ്ദേഹത്തിന്റെ ഭാര്യയായ സ്വപ്‌ന തട്ടിയെടുത്ത സംഭവത്തിലും അശോകന് വ്യക്തമായ പങ്കുണ്ട്. അല്ലാതെ ആള്‍മാറാട്ടം നടത്തി എങ്ങിനെയാണ് പണം തട്ടിയെടുക്കാനാവുക എന്ന കാര്യവും സിപിഎം വ്യക്തമാക്കണം.
ഇതുപോലെ നിരവധി പേരുടെ പണം അപഹരിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തി തട്ടിപ്പിന്റെ മുഴുവന്‍ സത്യവും പുറത്തു കൊണ്ടുവരണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു. പായം പഞ്ചായത്ത് പ്രസിഡണ്ട് അശോകനെ സംരക്ഷിക്കാന്‍ സണ്ണി ജോസഫ് എംഎല്‍എ ഉള്‍പ്പെടെ ശ്രമിക്കുകയാണ്. പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളും സണ്ണി ജോസഫിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അടുത്തയിടെ നടന്ന മണല്‍കൊള്ളയില്‍ ഈ രണ്ട് കക്ഷികളും കൂട്ടുകൃഷിക്കാരായിരുന്നു എന്നും ഹരിദാസ് ആരോപിച്ചു. മണ്ഡലം പ്രസിഡണ്ട് എം.ആര്‍. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, ഭാരവാഹികളായ പി.വി. അജയകുമാര്‍, എന്‍.വി. ഗിരീഷ്, പ്രിജേഷ് അളോറ, പി. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. ഷാജി ചീങ്ങാക്കുണ്ടം സ്വാഗതവും സരീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: