കണ്ണൂര്‍: പ്രകൃതിയുടെ വരദാനമായ തെക്കുമ്പാട് ദ്വീപിനെ കാത്തിരിക്കുന്നത് ടൂറിസം വികസനത്തിന്റെ മറവിലുള്ള വന്‍ദുരന്തം. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്ശന് സ്കീം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയാണ് കണ്ണൂര്‍ ചെറുകുന്നിനടുത്തുള്ള തെക്കുമ്പാട് ദ്വീപില്‍ നടപ്പാക്കുന്നത്.
അത്യപൂര്‍വ്വമായ ആവാസവ്യവസ്ഥയോടു കൂടിയ, ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ ദ്വീപ് അനുഷ്ഠാനവൈവിധ്യങ്ങളാല് വേറിട്ടു നില്ക്കുന്ന ഒരു സംസ്കൃതിയുടെ രംഗഭൂമി കൂടിയാണ്. കഴിഞ്ഞദിവസം ഇവിടെ തെയ്യം ക്രൂയിസ് എന്ന ഉപപദ്ധതിക്ക് തറക്കല്ലിട്ടു. വളപട്ടണത്ത് നിന്ന് തെക്കുമ്പാട് ദ്വീപിലൂടെ പഴയങ്ങാടി വരെ നദീയാത്ര ഒരുക്കുന്ന ടൂറിസം പാക്കേജാണ് നടപ്പാക്കുന്നത്. ഈ പദ്ധതി നടപ്പാകുന്നതോടെ തീരദേശ നിയന്ത്രണ മേഖല ഒന്ന് (എ) ല്‍ പെടുന്ന ഈ പരിസ്ഥിതി ദുര്‍ബലപ്രദേശം നാമാവശേഷമാകും. ഒപ്പം വടക്കേമലബാറിന്റെ ജനകീയാനുഷ്ഠാനമായ തെയ്യം വിനോദസഞ്ചാരികളുടെ മുന്നില്‍ കേവലം കെട്ടുകാഴ്ചയായി മാറുകയും ചെയ്യും.
7.64 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് തെക്കുമ്പാട് ദ്വീപില്‍ തുടക്കമിട്ടിരിക്കുന്നത്. തെയ്യത്തെ സ്റ്റേജിലെത്തിക്കുന്ന തെയ്യം പെര്‍ഫോമിങ് യാര്‍ഡ്, രണ്ടര കിലോമീറ്റര്‍ സൈക്കിള്‍ പാത്ത്, പാര്‍ക്കിംഗ് ഗ്രൗണ്ട്, കഫ്റ്റേരിയകള്‍, വിശ്രമകേന്ദ്രങ്ങള്‍, ഫിഷിംഗ് സ്പോട്ടുകള്‍, ശുചിമുറികള്‍ തുടങ്ങിയവ പണിയാനുള്ള രൂപരേഖയായിക്കഴിഞ്ഞു. ദ്വീപിന് ചുറ്റും രണ്ടര കിലോമീറ്റര്‍ നീളത്തില്‍ മണ്ണിട്ട് ബണ്ട് നിര്‍മ്മിച്ച് അതിനു മേല്‍ ഇന്റര്‍ലോക്ക് പാകിക്കൊണ്ടാണ് സൈക്കിള്‍ പാത്ത് നിര്‍മ്മിക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ നടത്താന്‍ ഈ പരിസ്ഥിതിലോല മേഖലയില്‍ നടത്താന്‍ അനുവാദമില്ല എന്നറിഞ്ഞുകൊണ്ടാണ് അധികൃതര്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.
തെയ്യാരധാനസമ്പ്രദായത്തിലെ ഒരേയൊരു സ്ത്രീത്തെയ്യമായ (സ്ത്രീകള്‍ തെയ്യക്കോലം ധരിക്കുന്ന) ദേവക്കൂത്ത് എന്ന അനുഷ്ഠാനം നടക്കുന്നത് തെക്കുമ്പാട് താഴേക്കാവില് മാത്രമാണ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഈ അനുഷ്ഠാനത്തെയും ഈ പദ്ധതി ബാധിക്കുമെന്നാണ് കോലധാരികളുടെ സംഘടനകള്‍ പറയുന്നത്. യാതൊരു പാരിസ്ഥിതിക ജാഗ്രതയുമില്ലാതെ നടപ്പാക്കുന്ന പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകളും തെയ്യാട്ടസംസ്കൃതിയെ അവമതിക്കുന്നതിനെതിരെ സാംസ്കാരിക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: