തിരുവനന്തപുരം: ‘സംസാരിച്ച് നില്‍ക്കെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. വായ പോലും തുറക്കാനാകില്ല. ചിലപ്പോള്‍ ശരീരമാകെ നീരുവരും. ദിവസവും നാല് ഇന്‍സുലിന്‍ ഇന്ജക്ഷന്’. ആറ്റിങ്ങല്‍ അയിലം വാസുദേവപുരം ചരുവിള പുത്തന്‍വീട്ടില്‍ എ. അഖില്‍ (28) 20 വര്‍ഷമായി ഓരോ നിമിഷവും വേദന കടിച്ചമര്‍ത്തുകയാണ്. പാന്‍ക്രിയാസും വൃക്കയും തകരാറില്‍. അടിയന്തരമായി ഇവ രണ്ടും മാറ്റിവയ്ക്കണം. അമ്മ ഗീത വൃക്ക നല്‍കും. പാന്‍ക്രിയാസും ലഭ്യമാണ്. പക്ഷെ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപയോളം ചെലവ് വരും. കൂലിപ്പണിക്കാരനായ അനിക്കുട്ടന് മകന്റെ ജീവനുവേണ്ടി സുമനസ്സുകളുടെ സഹായം തേടാനല്ലാതെ മറ്റൊരുവഴിയില്ല.
20 വര്‍ഷം മുമ്പ് അഖില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കയ്യൊടിഞ്ഞ് ചികിത്സ തേടി. ചികിത്സയ്ക്കിടെ കടുത്ത പനിവന്നു. എസ്എടിയിലും തുടര്‍ന്ന് ശ്രീചിത്രയിലും നടത്തിയ പരിശോധനയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്നതായി കണ്ടെത്തി. അന്ന് മുതല്‍ മരുന്ന് കഴിച്ചുതുടങ്ങി. പ്ലസ്ടുവിന് ചേര്‍ന്നെങ്കിലും അസുഖം ഇടയ്ക്കിടയ്ക്ക് വരുന്നതിനാല്‍ പഠനം നിര്‍ത്തി. പിന്നെ വയറിങ് ജോലിക്ക് സഹായിയായി പോയി. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് ശരീരം മുഴുവന്‍ നീരുവന്നു. മെഡിക്കല്‍കോളേജില്‍ നടത്തിയ പരിശോധനയില്‍ കൊളസ്ട്രോള്‍ കൂടുതലാണെന്ന് കണ്ടെത്തി. അതും ചികിത്സിച്ച് ഭേദമാക്കി.
എന്നാല്‍ ഒന്നര വര്‍ഷം വര്‍ഷം മുമ്പ് വിധി വീണ്ടും കൈവിട്ടു. ദേഹം മുഴുവന്‍ നീരും വേദനയും ഉണ്ടായി. മെഡിക്കല്‍കോളേജ് ആശുപത്രിയിലെ തുടര്‍പരിശോധനയില്‍ വൃക്കയും പാന്‍ക്രിയാസും തകരാറിലാണെന്ന് കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് എറണാകുളത്തെ അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് റഫര്‍ ചെയതു. അവിടെ വച്ചാണ് ഗീതയുടെ വൃക്ക അഖിലിന് ചേരും എന്ന് മനസിലായത്. പക്ഷെ ശസ്ത്രക്രിയ നടത്താന്‍ 22 ലക്ഷവും തുടര്‍ചികിത്സയ്ക്ക് മൂന്ന് ലക്ഷവും ചെലവ് വരും. അമൃതയിലെ പരിശോധന തന്നെ നാട്ടുകാര്‍ സഹായിച്ചാണ് നടത്തിയത്. ഇനിയുള്ള ശസ്ത്രക്രിയയ്ക്ക് പത്ത് ലക്ഷം രൂപ ആദ്യം അടയ്ക്കണം. പാന്‍ക്രിയാസ് ലഭിക്കുന്ന സമയം ബാക്കി തുക നല്‍കണം. മൂന്ന് മാസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചത്. കാല്‍ക്കോടിയോളം തുക കുടുംബത്തിന് സ്വപ്നം പോലും കാണാനാകില്ലെന്ന് ഗീതയും അനിക്കുട്ടനും കണ്ണീരോടെ പറയുന്നു. അഖിലിന്റെ അനുജന് ജിതിന് മൂന്ന് മാസം മുമ്പ് വിദേശത്ത് ജോലി തേടി പോയെങ്കിലും കൊറോണ വന്നതോടെ ജോലി നഷ്ടമായി. ഇനി സുമനസ്സുകളുടെ കാരുണ്യം മാത്രമാണ് കുടുംബത്തിന്റെ പ്രതീക്ഷ.
അഖിലിന്റെ ചികിത്സയ്ക്കായി അവനവഞ്ചേരി ആനൂപ്പാറ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഗീതയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നനമ്പര്‍: 078001000018074, ഐഎഫ്എസ്സികോഡ്: കഛആഅ0000780. മൊബൈല്‍ നമ്പര്‍: 9605672062.
പ്രതികരിക്കാൻ ഇവിടെ എഴുതുക: