പരവൂര്‍: ഡെങ്കുപ്പനി പടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താതെ പരവൂര്‍ നഗരസഭയും ആരോഗ്യവകുപ്പും ഉഴപ്പുന്നു. മഴ മൂലം വെള്ളക്കെട്ടായ കാടുകയറിക്കിടക്കുന്ന പുരയിടങ്ങളില്‍ കൊതുകു പെരുകുന്നു.
ഇതുമൂലം പുറ്റിങ്ങല്‍ വാര്‍ഡ് നിവാസികള്‍ പൊറുതിമുട്ടുകയാണ്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന വാര്‍ഡില്‍ ഒട്ടേറെ പുരയിടങ്ങള്‍ ഒരാള്‍ പൊക്കത്തില്‍ കാടുകയറിക്കിടക്കുകയാണ്. ഇതില്‍ പല പുരയിടങ്ങളിലും വന്‍തോതില്‍ മാലിന്യക്കൂമ്പാരവുമുണ്ട്. ഇഴജന്തുക്കളുടെ കേന്ദ്രവുമാണിവിടം.
ഈ കാട് നശിപ്പിക്കാതെ കൊതുകുകളെ തടയാനാകില്ല. ഡെങ്കുപ്പനി പടരുമ്പോഴും മുന്‍സിപ്പല്‍ അധികൃതര്‍ക്ക് മൗനമാണ്. ആരോഗ്യവകുപ്പ് അധികൃതരാകട്ടെ തിരിഞ്ഞു നോക്കുന്നില്ല. കോവിഡ് ഭീഷണിയിലാണ് നാടാകെ. ഇതിനിടയില്‍ പടരുന്ന ഡെങ്കുപ്പനി പുറ്റിങ്ങല്‍ വാര്‍ഡിലെ ജനങ്ങളിലുയര്ത്തുന്നത് വന്‍ ഭീഷണിയാണ്.
പാമ്പിന്തൊടി കുളത്തിനു സമീപത്തും പെണ്പള്ളിക്കൂടത്തിനടുത്തും രാമന്റഴികം ക്ഷേത്രത്തിനടുത്തുമായി ഇതിനോടകം അഞ്ചുപേര്‍ക്കാണ് ഡെങ്കുപ്പനി പിടിച്ചത്. ഇതില്‍ത്തന്നെ മൂന്നുപേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കാടുകയറി കിടക്കുന്ന പുരയിടങ്ങള്‍ കൃഷിക്കായി ഏറ്റെടുക്കാനും കാട് തെളിക്കാത്ത വസ്തു ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്കി കാട് വൃത്തിയാക്കിക്കാനും നഗരസഭ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: