പരപ്പ: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ പ്ലാച്ചിക്കല്ലിലെ സുരഭിക്കും ശ്രുതിക്കും ഇനി വൈദ്യുതി വെളിച്ചത്തില്‍ പഠിക്കാം. ഓണ്‍ലൈന്‍ പഠനം വന്നതോടെ ഇവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ജന്മഭൂമി ദിനപത്രത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ടിന്റെ വീടിനടുത്താണ് ഈ കുടുംബം ദുരിതജീവിതം നയിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സഹായഹസ്തവുമായി വ്യക്തികളും കൂട്ടായ്മകളും രംഗത്തെത്തി.
ജാള്യത മറക്കാനായി കഴിഞ്ഞ ദിവസം കിനാനൂര്‍-കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രഘുനാഥിനെ വീട്ടിലെത്തി സ്മാര്‍ട്ട് ഫോണ്‍ നല്‍കിയിരുന്നു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വീട്ടിലേക്ക് വൈദ്യുതിയെത്തിക്കാനും സപ്ലെ ഓഫീസുമായി ബന്ധപ്പെട്ട് എപിഎലായിരിക്കുന്ന റേഷന്‍ കാര്‍ഡ് ബിപിഎല്ലിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
സഹായ വാഗ്ദാനം ലഭിച്ചതോടെ കുട്ടികളുടെ മാതാവ് സുമ ജന്മഭൂമി ബ്യൂറോയില്‍ വിളിച്ച് നന്ദി അറിയിച്ചു. നാളെ വൈദ്യുതിയെത്തുന്നതോടെ രണ്ട് സ്മാര്‍ട്ട്‌ഫോണുകളുമായി പഠനം തുടങ്ങാന്‍ കഴിയുന്ന സന്തോഷത്തിലാണ് സഹോദരിമാര്‍. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് തങ്ങളുടെ കൂരയിലെ മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ നിന്ന് മോചിതരാവാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: