അടിമാലി: അടിമാലി- കുമളി ദേശീയപാതയുടെ ഭാഗമായ കല്ലാര്‍കുട്ടിയില്‍ അപകടക്കെണിയിലായ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീതി കൂട്ടുന്നത് ആരംഭിച്ചെങ്കിലും പാതിവഴയില്‍ നിലച്ചു. ടൗണിലെ വ്യാപാരികളും ജനങ്ങളും യാത്രക്കാരും ഭീതിയുടെ നിഴലില്‍.
4 വര്‍ഷം മുമ്പ് തകര്‍ന്ന റോഡ് പുനര്‍ നിര്മ്മിയ്ക്കണമെന്നാവശ്യം ശക്തമായെങ്കിലും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിവിധ തലങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിര്‍മ്മാണ പ്രക്രിയയുടെ തുടക്കമെന്ന നിലയില്‍ ഇടിഞ്ഞ് പോയ റോഡിന്റെ എതിര്‍വശത്തെ കുന്നിടിച്ചിറക്കി വീതി കൂട്ടി.
ഇതിന് ശേഷം കരാറുകാരനോ, തൊഴിലാളികളോ കല്ലാര്കുട്ടിയിലേക്ക് എത്തി നോക്കിയിട്ടില്ല. പണ്ടേ ദുര്‍ബ്ബല പിന്നയോ ഗര്‍ഭിണിയെന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കും വിധമാണ് കല്ലാര്‍കുട്ടിയുടെ സ്ഥിതി. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണിടിച്ചത് മൂലം ഇവിടെ മണ്ണിടിച്ചിലിന് സാധ്യത കൂടുതലാണെന്നാണ് വ്യാ
പാരികളടക്കം പറയുന്നത്. ഇതിനിടെ ഇവിടെ വാഹന അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ മാസം ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പ്രധാന ജങ്ഷനായ കല്ലാര്‍കുട്ടി ടൗണ്‍ സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുന്നതിനിടയിലാണ് മഴക്കാലത്ത് അപ്രതീക്ഷിതമായി പാതയോരം ഇടിഞ്ഞത്. റോഡില്‍ വിണ്ട് കീറിയ ഭാഗത്തുകൂടി മഴവെള്ളം ഒലിച്ചിറങ്ങിയതിനെത്തുടര്ന്നാണ് മൂന്ന് കടകളടക്കം തൊട്ടുപിന്നിലുള്ള കല്ലാര്‍കുട്ടി ഡാമിലേക്ക് പതിച്ചത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും പ്രതിസന്ധിയിലായി.
ഇടിഞ്ഞ് പോയ ഭാഗത്ത് പാതയോരത്ത് കരിങ്കല്ലുകള്‍ അടുക്കിയെങ്കിലും മഴക്കാലമായാല്‍ ഏതു സമയവും ഇടുങ്ങിയ റോഡ് ഇടിഞ്ഞ് പോകുന്ന സാഹചര്യമായിരുന്നു. 2018ലെ പ്രളയത്തെയും ഭാഗ്യവശാല്‍ തരണം ചെയ്തു. രാജക്കാടിനും, ഇടുക്കിയ്ക്കും തിരിയുന്ന ഇവിടെ വാഹനങ്ങളുടെ ആധിക്യം മൂലം അപകടങ്ങളും പതിവുകാഴ്ചയാണ്. കണ്ണൊന്ന്
പിഴച്ചാല്‍ വാഹനങ്ങള്‍ കല്ലാര്‍കുട്ടി ഡാമില്‍ പതിയ്ക്കുന്ന ദുസ്ഥിതിയാണ് ഇവിടെയുള്ളത്. പ്രളയത്തിലടക്കം തകര്‍ന്ന സമീപ പ്രദേശങ്ങളിലെ റോഡുകളെല്ലാം പുനഃനിര്‍മ്മിച്ചെങ്കിലും കല്ലാര്‍കുട്ടിയില്‍ അവഗണന തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: