കോഴിക്കോട്: ഒരു മണിക്കൂര്‍ നേരം നില്‍ക്കാതെ മഴപെയ്താല്‍ നഗരം വെള്ളത്തില്‍ മുങ്ങും. മഴയ്ക്കുമുമ്പെ ഓടകള്‍ ശുചീകരിക്കാത്തതാണ് പലയിടങ്ങളിലും വെള്ളക്കെട്ടിന് കാരണം. കോര്പറേഷന് ശുചീകരിക്കേണ്ട ഓടകളുടെ ശുചീകരണം പാതിവഴിയിലാണ്. പിഡബ്ല്യുഡി ശുചീകരിക്കേണ്ട ഓടകളുടെ ശുചീകരണം നടക്കുന്നില്ലെന്നും ആരോപണമുണ്ട്.
ഇന്നലെ രാവിലെ മുതല്‍ പെയ്ത കനത്തമഴയില്‍ കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷന് വെള്ളത്തില്‍ മുങ്ങി.. ഇതോടെ ഇരുചക്രവാഹനയാത്രക്കാരും കാര്‍, ഓട്ടോറിക്ഷ യാത്രക്കാരും ദുരിതത്തിലായി. മഴ നിന്ന് മണിക്കൂറുകള്‍ക്ക് ശേഷം റോഡില്‍ നിന്ന് വെള്ളം ഇറങ്ങിയതോടെയാണ് ഈ റോഡുവഴിയുള്ള ഗതാഗതം സാധാരണ നിലയിലായത്. ഈ ഭാഗത്ത് ഓടകളുടെ ശുചീകരണം പാതിവഴിയില്‍ തന്നെ നില്‍ക്കുകയാണ്.
രണ്ടു ലക്ഷം രൂപ ഓടകള്‍ വൃത്തിയാക്കുന്നതിനായി ഓരോ വാര്‍ഡിലേക്കും അനുവദിക്കുമെന്ന് കോര്പറേഷന് അറിയിച്ചിരുന്നെങ്കിലും പല വാര്‍ഡുകളിലും ഒരു ലക്ഷം രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. കയ്യില്‍ നിന്ന് പണമെടുത്ത് ശുചീകരണം നടത്തേണ്ട അവസ്ഥയാണെന്ന് കൗണ്‍സിലര്‍മാര്‍ തന്നെ പറയുന്നു.
ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറുന്നത് മുന്‍കൂട്ടികണ്ട് ഇത്തരം കേന്ദ്രങ്ങളിലെ ഓടകള്‍ ആദ്യം ശുചീകരിക്കുന്നതിനാണ് കൗണ്‍സിലര്‍മാര്‍ മുന്‍തൂക്കം നല്‍കിയത്. അതിനാല്‍ റോഡുകളിലെ വലിയ ഓടകളുടെ ശുചീകരണം പൂര്‍ത്തിയാക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: