കോഴിക്കോട്: സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും ഹൈക്കോടതിയിലെ വീഡിയോ കോണ്‍ഫറന്‍സിന് ഉള്‍പ്പെടെ ഉപയോഗിക്കുന്നത് സൂം ആപ്പ്. കോവിഡ് നിബന്ധനകള്‍ക്കനുസരിച്ചാണ് ഹൈക്കോടതിയില്‍ പുതിയ കേസുകള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് ഉപയോഗിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളടക്കം കക്ഷിയായ സുപ്രധാനമായ നിരവധി കേസുകളുടെ വാദത്തിന് നിലവില്‍ സൂം ആപ്പാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരും ചൈന നിര്‍മ്മിതമായ സൂം ആപ്പ് ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കഴിഞ്ഞ മാസം നിര്‍ദ്ദേശം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സിയും ഇതിനനുസരിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
നിരവധി മുന്‍കരുതലുകള്‍ എടുക്കാനും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീം നിര്‍ദ്ദേശം നല്കി. ഹൈക്കോടതിയിലെ കേസ് വാദത്തിനിടയില്‍ രേഖകള്‍ ഒന്നും സൂം ആപ്പ് വഴി ഹാജരാക്കുന്നില്ല. എന്നാല്‍ സുപ്രധാന രേഖകളിലെ വസ്തുതകളാണ് വാദങ്ങള്‍ക്കിടയില്‍ സൂം ആപ്പിലൂടെ കൈമാറുന്നത്. സൂം ആപ്പിലെ വിവരങ്ങള്‍ സെര്‍വര്‍ക്ക് ലഭിക്കുമെന്നത് ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഹൈക്കോടതിയുടെ വെബ് സൈറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള കേസുകളുടെ വിവരം ആര്‍ക്കും ലഭിക്കും. അതിന്റെ പാസ് വേഡും ഐഡിയും അതില്‍ നല്‍കിയിട്ടുമുണ്ട്.
സൂം ആപ്പിലെ വീഡിയോ ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വെച്ചതായി വാര്‍ത്തകളും ഉണ്ടായിരുന്നു. ജില്ലാ കോടതികളിലും പോസ്കോ കോടതികളിലും സൂം ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇത്തരം കോടതികളില്‍ ജാമ്യ അപേക്ഷയ്ക്കും ജാമ്യ അപേക്ഷയ്ക്കുള്ള പരിഗണനയ്ക്കുമാണ് സൂം ആപ്പ് ഉപയോഗിക്കുന്നത്.
സൂം ആപ്പ് സുരക്ഷിതമല്ലെന്ന കേന്ദ്ര നിര്‍ദ്ദേശം വന്നിട്ടും ഹൈക്കോടതി സൂം ആപ്പിന്റെ ഉപയോഗം തുടരുകയാണ്. ഉപയോഗ സൗഹൃദമായതിനാലാണ് സൂം ആപ്പ് ഉപയോഗിക്കുന്നതെന്ന് ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന് പ്രസിഡന്റ് ആര്. ലക്ഷ്മി നാരായണന് പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും ഹൈക്കോടതി അക്കാര്യം പരിഗണിക്കുമെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: